കൊളംബിയയും വെനിസ്വേലയും നയതന്ത്രബന്ധം പുനഃസ്ഥാപിച്ചു
text_fieldsബൊഗോട്ട: മൂന്നു വർഷത്തെ ഇടവേളക്കു ശേഷം കൊളംബിയയും വെനിസ്വേലയും നയതന്ത്രബന്ധം പൂർണതോതിൽ പുനഃസ്ഥാപിച്ചു. ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവെക്കാൻ കൊളംബിയൻ അംബാസഡർ അർമാന്ദോ ബെനഡിറ്റി വെനിസ്വേലൻ തലസ്ഥാനമായ കറാക്കസിൽ എത്തി.
വെനിസ്വേലയുമായുള്ള ബന്ധം ഒരിക്കലും മോശമായിരുന്നില്ല. ''ഞങ്ങൾ സഹോദര രാഷ്ട്രങ്ങളാണ്. ഒരു തരത്തിലുള്ള സാങ്കൽപിക രേഖക്കും ഞങ്ങളെ വേർതിരിക്കാനാവില്ല''-അർമാന്ദോ ബെനഡിറ്റി ട്വിറ്ററിൽ കുറിച്ചു. ബെനഡിറ്റിയുടെ വാക്കുകൾ വെനിസ്വേല ഡെപ്യൂട്ടി വിദേശകാര്യമന്ത്രി റാൻഡർ പെന റാമിറസ് സ്വാഗതം ചെയ്തു. ''ചരിത്രപരമായ ഈ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം ജനങ്ങളുടെ അഭിവൃദ്ധിക്കായി സേവനം ചെയ്യാൻ ഞങ്ങളെ ഒരുമിപ്പിച്ചിരിക്കുന്നു''-എന്നാണ് ബെനഡിറ്റിക്ക് മറുപടിയായി റാമിറസ് ട്വീറ്റ് ചെയ്തത്.
കൊളംബിയയുടെ ഇടതു പ്രസിഡന്റ് ഗുസ്താവോ പെട്രോയും വെനിസ്വേലയുടെ സോഷ്യലിസ്റ്റ് പ്രസിഡന്റ് നികളസ് മദ്യൂറോയും ഈമാസം 11നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. 2019ലാണ് കൊളംബിയയും വെനിസ്വേലയും തമ്മിലുള്ള ബന്ധം വഷളായത്.
2019ൽ മദ്യൂറോ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് കൊളംബിയയുടെ മുൻ പ്രസിഡന്റ് ഇവാൻ ഡ്യൂക്ക് അംഗീകരിച്ചിരുന്നില്ല. അതിനു പകരം പ്രതിപക്ഷ നേതാവ് ജുവാൻ ഗെയ്ദോക്കായിരുന്നു പിന്തുണ പ്രഖ്യാപിച്ചത്. ആഗസ്റ്റിൽ പെട്രോ അധികാരമേറ്റതോടെ ബന്ധം വീണ്ടും ഊഷ്മളമായി. കൊളംബയയിലെ ആദ്യ ഇടതുപ്രസിഡന്റാണ് പെട്രോ. മദ്യൂറോയെ അംഗീകരിക്കുമെന്നും വെനിസ്വേലയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.