യു.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അയോഗ്യൻ; ട്രംപിനെ വിലക്കി കൊളറാഡോ കോടതി
text_fieldsവാഷിങ്ടൻ: അടുത്ത വർഷം നടക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ഡോണൾഡ് ട്രംപിലെ വിലക്കി കോടതി. മുൻ പ്രസിഡന്‍റ് കൂടിയായ ട്രംപ് മത്സരിക്കാൻ അയോഗ്യനാണെന്ന് കൊളറാഡോ സുപ്രീം കോടതി ഉത്തരവിട്ടു. 2021ല്‍ യു.എസ് പാര്‍ലമെന്‍റ് മന്ദിരമായ ക്യാപിറ്റോളിൽ കലാപ സമാനമായ പ്രതിഷേധം നടന്നതില്‍ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കലാപത്തിലും അക്രമങ്ങളിലും മറ്റും ഉൾപ്പെട്ടവരെ അധികാര സ്ഥാനങ്ങളിൽനിന്നു വിലക്കുന്ന 14ാം ഭേദഗതിയുടെ മൂന്നാം വകുപ്പു പ്രകാരമാണ് കോടതി വിധി. ഇതോടെ യു.എസിന്റെ ചരിത്രത്തിൽ അട്ടിമറിയുടെയോ, അക്രമത്തിന്റെയോ പേരിൽ അയോഗ്യനാക്കപ്പെടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാർഥിയായി ട്രംപ്. 2024ലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥികളിൽ ഏറെ സാധ്യത കൽപിക്കപ്പെടുന്നത് ട്രംപിനാണ്. എന്നാൽ, കൊളറാഡോ സ്റ്റേറ്റില്‍ മാത്രമാകും ഈ ഉത്തരവിന് സാധുത.
ഇവിടുത്തെ പ്രൈമറി ബാലറ്റിൽനിന്ന് ട്രംപിനെ നീക്കും. മറ്റ് സ്റ്റേറ്റുകളില്‍ ട്രംപിന് വിലക്കുണ്ടാകില്ല. അപ്പീൽ പോകുന്നതിനായി ജനുവരി നാലു വരെ വിധി നടപ്പാക്കുന്നത് മരവിപ്പിച്ചിട്ടുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി പ്രൈമറി ബാലറ്റുകൾ അച്ചടിക്കേണ്ട അവസാന തീയതി ജനുവരി അഞ്ച് ആണ്. കോളറാഡോയിലെ ഒരുകൂട്ടം വോട്ടര്‍മാരും സിറ്റിസണ്‍സ് ഫോര്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്‌സും ചേര്‍ന്നാണ് കോടതിയെ സമീപിച്ചത്. കോടതി വിധി അന്യായവും ജനാധിപത്യവിരുദ്ധവുമാണെന്നും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ട്രംപിന്‍റെ വക്താവ് പ്രതികരിച്ചു.
കൊളറാഡോ കോടതിയുടെ തീരുമാനം തെറ്റാണെന്നും ഈ ജനാധിപത്യവിരുദ്ധമായ ഉത്തരവ് മരവിപ്പിക്കമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്നും വക്താവ് പറഞ്ഞു. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു പിന്നാലെ ജോ ബൈഡൻ യു.എസ് പ്രസിഡന്റായി അധികാരത്തിലേറുന്നത് തടയാൻ ക്യാപിറ്റോളിൽ വൻ സംഘർഷം അരങ്ങേറിയിരുന്നു. ഇതിനു നേതൃത്വം നൽകിയത് ട്രംപാണെന്നാണ് ഹരജിക്കാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.