ഫലസ്തീൻ അനുകൂല പ്രക്ഷോഭം: കൊളംബിയ സർവകലാശാല പ്രസിഡന്‍റും രാജിവെച്ചു
text_fieldsന്യൂയോർക്ക്: വമ്പൻ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്ക് സാക്ഷിയായതിനു പിന്നാലെ കൊളംബിയ സർവകലാശാല പ്രസിഡന്‍റ് രാജിവെച്ചു. മിനൗഷ് ഷഫീഖ് ആണ് രാജി നൽകിയത്. രാജിയെക്കുറിച്ച് മിനൗഷോ സർവകലാശാലയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഈജിപ്തിലെ അലക്സാണ്ട്രിയയിൽ ജനിച്ച മിനൗഷെ പ്രമുഖ സാമ്പത്തിക, അക്കാദമിക വിദഗ്ധയാണ്. 62കാരിയായ അവർ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ ഡെപ്യൂട്ടി ഗവർണർ, ഐ.എം.എഫിന്‍റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ എന്നീ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് മിനൗഷ് കൊളംബിയ സർവകലാശാല പ്രസിഡന്‍റായത്. ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന നരനായാട്ടിനെതിരെ അമേരിക്കയിലെ കാമ്പസുകളിൽ ആഞ്ഞടിച്ച പ്രതിഷേധം കൊളംബിയ കാമ്പസിലും ശക്തമായിരുന്നു. പ്രതിഷേധവുമായി കാമ്പസിൽ തമ്പടിച്ച പ്രതിഷേധക്കാരെ നേരിട്ട രീതിക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
ഇതേ കാരണത്താൽ ഹാർവാർഡ് മുൻ പ്രസിഡന്‍റ് ക്ലോഡിൻ ഗേ, പെൻസിൽവാനിയ സർവകാലാശാല മുൻ പ്രസിഡന്‍റ് ലിസ് മഗിൽ എന്നിവർ ആഴ്ചകൾക്ക് മുമ്പ് രാജിവെച്ചിരുന്നു. വർധിച്ചുവരുന്ന ജൂത വിരുദ്ധതയിൽനിന്ന് വിദ്യാർഥികളെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു തുടങ്ങിയ ആരോപണങ്ങളിൽ മൂവരും കോൺഗ്രസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.