ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ ഹാസ്യനടൻ ടോണി ഹിഞ്ച്ക്ലിഫിന്റെ വംശീയ പരാമർശം: ആഞ്ഞടിച്ച് ജെന്നിഫർ ലോപ്പസ്
text_fieldsന്യൂയോർക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ റാലിയിൽ യു.എസ് ഹാസ്യനടൻ ടോണി ഹിഞ്ച്ക്ലിഫ് നടത്തിയ വംശീയ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഹോളിവുഡ് നടിയും ഗായികയുമായ ജെന്നിഫർ ലോപ്പസ്.
കരീബിയൻ ദ്വീപസമൂഹത്തിലും പ്യൂർട്ടോറിക്കോ ദ്വീപിലും നിന്നുള്ള ജനവിഭാഗമായ പ്യൂർട്ടോറിക്കൻമാരെ ‘മാലിന്യങ്ങളുടെ പൊങ്ങിക്കിടക്കുന്ന ദ്വീപ്’ എന്നായിരുന്നു ഹാസ്യനടൻ വിശേഷിപ്പിച്ചത്. വ്യാഴാഴ്ച രാത്രി ലാസ് വെഗാസിൽ നടന്ന റാലിയിലാണ് ജെന്നിഫർ ലോപസ് ഹാസ്യ നടനെതിരെ കടുത്ത വിമർശനമുന്നയിച്ചത്. ‘അന്ന് പ്യൂർട്ടോറിക്കക്കാർ മാത്രമല്ല, ഈ രാജ്യത്തെ എല്ലാ ലാറ്റിനോകളും വ്രണപ്പെട്ടു. ആ പ്രസ്താവന മനുഷ്യത്വ രഹിതവും അമാന്യവുമായിരുന്നു. താൻ പ്യൂർട്ടോറിക്കൻ ആണ് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ജെന്നിഫർ താൻ ഇവിടെയാണ് ജനിച്ചത്, തങ്ങൾ അമേരിക്കക്കാരാണ് എന്നും പ്രസ്താവിച്ചു.
‘താൻ ടി.വിയിലും സിനിമയിലും അഭിനയം തുടങ്ങിയപ്പോൾ വേലക്കാരിയുടെയും ഉച്ചത്തിൽ സംസാരിക്കുന്ന ലാറ്റിനയുടെയും വേഷങ്ങൾ ചെയ്തു തുടങ്ങി. എന്നാൽ കൂടുതൽ ചെയ്യാനുണ്ടെന്ന് തനിക്കറിയാമായിരുന്നു’. ‘തെരഞ്ഞെടുപ്പുകൾ നേതാക്കളെ കണ്ടെത്തുന്നതിനെക്കുറിച്ചാണ്, അതിന് തടസ്സം നിൽക്കുന്ന ഒന്നല്ല’ അവർ പറഞ്ഞു. ചൈൽഡ് ടാക്‌സ് ക്രെഡിറ്റും മധ്യവർഗ നികുതി വെട്ടിക്കുറവും ഉൾപ്പെടെ കമല ഹാരിസ് മുന്നോട്ടുവെച്ച ചില നയങ്ങൾ അവർ വിശദീകരിച്ചു.
നവംബർ അഞ്ചിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമല ഹാരിസിന് വോട്ട് ചെയ്യാൻ ജെന്നിഫർ ലോപസ് ആഹ്വാനം ചെയ്തു. അതിനിടെ, ടോണി ഹിഞ്ച്‌ക്ലിഫിന്റെ പരാമർശം വിവാദമായതിനിടെ, യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ട്രംപിനെ പിന്തുണയ്ക്കുന്നവരെ ‘മാലിന്യങ്ങൾ’ എന്ന് വിളിച്ചത് വൻ വിമർശനത്തിന് കാരണമായി.
എന്നാൽ താൻ ടോണി ഹിഞ്ച്ക്ലിഫിനെയാണ് ഉദ്ദേശിച്ചതെന്ന് ബൈഡൻ പിന്നീട് വ്യക്തമാക്കിയെങ്കിലും വിവാദം അവസാനിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.