മത്സരം കൊള്ളാം, പക്ഷേ ചതി നല്ലതല്ല -ഇലോൺ മസ്ക്
text_fieldsവാഷിങ്ടൺ: ‘മത്സരം നല്ലതാണ്, പക്ഷേ, ചതി നല്ലതല്ല’; ലോകമെങ്ങും കോടിക്കണക്കിന് വരിക്കാരെ സ്വന്തമാക്കി മേധാവിത്വമുറപ്പിച്ച് മുന്നേറിയ മൈക്രോ േബ്ലാഗിങ് സമൂഹ മാധ്യമമായ ട്വിറ്ററിന് വെല്ലുവിളി ഉയർത്തി മെറ്റ അവതരിപ്പിച്ച ത്രെഡ്സിനെക്കുറിച്ച് ട്വിറ്റർ മേധാവി ഇലോൺ മസ്ക് നടത്തിയ പ്രതികരണമാണ് ഇത്. ഇരു സമൂഹമാധ്യമങ്ങളും തമ്മിൽ ഏറ്റുമുട്ടലിന്റെ പാതയിലായിരിക്കുമെന്ന സൂചന വ്യക്തമാക്കുന്നതാണ് ഈ പ്രതികരണം. ഇതോടൊപ്പം, തങ്ങളുടെ വ്യാപാര രഹസ്യങ്ങളും ബൗദ്ധിക സ്വത്തുക്കളും അപഹരിച്ചുവെന്നാരോപിച്ച് ത്രെഡ്സിനെതിരെ നിയമ നടപടിയിലേക്കും നീങ്ങുകയാണ് ട്വിറ്റർ.
ട്വിറ്ററിലെ മുൻ ജീവനക്കാരെ ജോലിക്കെടുത്ത് തങ്ങളുടെ വ്യാപാര രഹസ്യങ്ങളും മറ്റ് ബൗദ്ധിക സ്വത്തുക്കളും നിയമവിരുദ്ധമായി ഉപയോഗിച്ചാണ് കോപ്പിയടി നടത്തിയതെന്നാണ് ട്വിറ്റർ ഉന്നയിക്കുന്ന ആരോപണം. കഴിഞ്ഞ ദിവസം മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗിന് അയച്ച കത്തിലാണ് ട്വിറ്റർ അഭിഭാഷകൻ അലക്സ് സ്പിറോ ഈ ആരോപണമുന്നയിച്ചത്.
ബുധനാഴ്ച അവതരിപ്പിച്ച ത്രെഡ്സിന് ഇതിനകം ദശലക്ഷക്കണക്കിന് വരിക്കാരെ ലഭിച്ചുകഴിഞ്ഞു. ട്വിറ്ററിന് സമാനമായ ഈ സമൂഹ മാധ്യമത്തെ ‘സൗഹൃദ’ ബദൽ എന്നാണ് മെറ്റ ഉടമകൾ വിശേഷിപ്പിക്കുന്നത്. ട്വിറ്ററിലെ മുൻ ജീവനക്കാരനാണ് ത്രെഡ്സ് വികസിപ്പിക്കാൻ സഹായം നൽകിയതെന്ന ആരോപണം മെറ്റ നിഷേധിച്ചിട്ടുണ്ട്. ത്രെഡ്സിന്റെ എൻജിനീയറിങ് ടീമിൽ ട്വിറ്ററിലെ മുൻ ജീവനക്കാർ ആരുമില്ലെന്നും മെറ്റ പറയുന്നു.
മെറ്റ പുറത്തുവിട്ട കണക്കുപ്രകാരം മൂന്നു കോടി വരിക്കാരാണ് പുതിയ ആപ്പിന് ഇതുവരെ ലഭിച്ചത്. അതേസമയം, ട്വിറ്ററിന് 35 കോടി വരിക്കാരാണുള്ളത്. ഇതിന്റെ പത്തിലൊന്നിൽ താഴെ മാത്രമാണ് ത്രെഡ്സിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. ത്രെഡ്സ് ഒരു ദിവസം കൊണ്ട് സ്വന്തമാക്കിയ വരിക്കാരെ ലഭിക്കാൻ ട്വിറ്ററിന് നാല് വർഷം വേണ്ടി വന്നു. ട്വിറ്റർ ശൂന്യതയിൽനിന്ന് വളർന്നുവന്നപ്പോൾ ഇൻസ്റ്റഗ്രാമിനുണ്ടെന്ന് മെറ്റ അവകാശപ്പെടുന്ന 200 കോടി പ്രതിമാസ ഉപയോക്താക്കളെയും ഉപയോഗപ്പെടുത്തിയാണ് ത്രെഡ്സിന്റെ വളർച്ച.
ട്വിറ്ററിന്റെയും ത്രെഡ്സിന്റെയും മട്ടുംഭാവവുമെല്ലാം സമാനമാണ്. ന്യൂസ് ഫീഡും റീപോസ്റ്റിങ്ങും അവിശ്വസനീയമായ രീതിയിൽ സാദൃശ്യം പുലർത്തുന്നു. അതേസമയം, അമേരിക്കൻ പകർപ്പവകാശ നിയമം ആശയങ്ങൾക്ക് സംരക്ഷണം നൽകുന്നില്ല. അതിനാൽ, പ്രോഗ്രാമിങ് കോഡ് പോലുള്ള തങ്ങളുടെ ബൗദ്ധിക സ്വത്ത് അപഹരിക്കപ്പെട്ടുവെന്ന് ട്വിറ്ററിന് കോടതിയിൽ തെളിയിക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.