വെല്ലുവിളികളെ നേരിടാൻ യോജിച്ച നടപടി വേണം -കുവൈത്ത് കിരീടാവകാശി
text_fieldsകുവൈത്ത് സിറ്റി: അറബ് ഏകോപനത്തിനും രാഷ്ട്രീയ-സാമ്പത്തിക-സുരക്ഷാ സഹകരണത്തിനും കൂടുതൽ പരിശ്രമങ്ങൾക്ക് ആഹ്വാനംചെയ്ത് കുവൈത്ത്. അൽജീരിയയിൽ അറബ് ഉച്ചകോടിയിൽ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് രാജ്യത്തിന്റെ നിലപാടുകൾ വ്യക്തമാക്കി.
അറബ് ലോകം നേരിടുന്ന ഗുരുതര വെല്ലുവിളികൾക്കും അപകടസാധ്യതകൾക്കും ഇടയിലാണ് ഈ ഉച്ചകോടി നടക്കുന്നത്. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ വെല്ലുവിളികളും ദ്രുതഗതിയിലുള്ള സംഭവവികാസങ്ങളും നേരിടാൻ കൂടുതൽ ഏകോപനത്തിലൂടെയും സഹകരണത്തിലൂടെയും സംയുക്ത അറബ് പ്രവർത്തനത്തിന് സമ്മർദം ചെലുത്തേണ്ടത് നമ്മുടെ കടമയാണ്.
ലക്ഷ്യങ്ങൾ കൈവരിക്കാനും അറബ് ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റാനും കഴിയുന്ന വ്യക്തമായ ദർശനങ്ങൾ അനിവാര്യമാണെന്നും കിരീടാവകാശി വിശദീകരിച്ചു. മിഡിലീസ്റ്റിലെ സമാധാന ശ്രമങ്ങൾ ഉറപ്പാക്കാനും അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങളെയും അറബ് സമാധാനസംരംഭത്തെയും അടിസ്ഥാനമാക്കി, ശാശ്വതവും സമ്പൂർണവുമായ പരിഹാരത്തിൽ എത്തിച്ചേരാനും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അനിവാര്യമാണെന്നും ഫലസ്തീനികൾ തമ്മിലുള്ള അനുരഞ്ജനം കൈവരിക്കുന്നതിനുള്ള അൽജീരിയൻ ശ്രമങ്ങൾക്ക് കുവൈത്തിന്റെ പൂർണ പിന്തുണയും അദ്ദേഹം അറിയിച്ചു.
സിറിയൻ പ്രശ്നം രാഷ്ട്രീയമായി പരിഹരിക്കണമെന്നാണ് കുവൈത്തിന്റെ നിലപാട്. യമനിൽ ഹൂതികൾ വെടിനിർത്തലും യു.എൻ ശ്രമങ്ങളും നിരസിച്ചതിൽ കുവൈത്തിന്റെ ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചു.പ്രശ്ന പരിഹാരത്തിന് യു.എൻ ശ്രമം തുടരാൻ അഭ്യർഥിച്ചു. ഇറാനുമായുള്ള സൗഹൃദപരവും സഹകരണപരവുമായ ബന്ധങ്ങൾക്കുള്ള കുവൈത്തിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. യുക്രെയ്ൻ പ്രതിസന്ധിയുടെ അപകടകരമായ പ്രത്യാഘാതങ്ങൾ ലോകം മുഴുവൻ ഉത്കണ്ഠയോടെ നിരീക്ഷിക്കുകയാണെന്ന് ഉണർത്തിയ ശൈഖ് മിശ്അൽ അറബ് രാജ്യങ്ങളുടെ പരമാധികാരത്തിലുള്ള എല്ലാതരം വിദേശ ഇടപെടലുകളും നിരസിക്കുന്നതായും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.