'വരും ആഴ്ചകളിൽ റഷ്യ യുക്രെയ്നെ ആക്രമിക്കും'; യുദ്ധം ഉറപ്പെന്ന് ബൈഡൻ
text_fieldsവാഷിങ്ടൺ: വരും ആഴ്ചകളിൽ റഷ്യ യുക്രെയ്ൻ ആക്രമിക്കുമെന്നത് ഉറപ്പാണെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. മാനുഷികദുരിതത്തിലേക്ക് നയിക്കുന്ന യുദ്ധമുണ്ടായാൽ പരിപൂർണ ഉത്തരവാദിത്തം റഷ്യക്കായിരിക്കുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി.
സാഹചര്യം ഇങ്ങനെയാണെങ്കിലും മികച്ച നയതന്ത്രത്തിലൂടെ പ്രശ്നം പരിഹരിക്കാൻ ഇനിയും സമയമുണ്ട്. എന്നാൽ, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ നയതന്ത്രത്തിന്റെ മാർഗം സ്വീകരിക്കില്ല-ബൈഡൻ സൂചിപ്പിച്ചു. യുക്രെയ്ൻ അതിർത്തിയിൽ ഒന്നരലക്ഷത്തോളം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. ഇത് സൈനികാഭ്യാസത്തിന് വേണ്ടിയാണെന്നും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നുമുള്ള റഷ്യൻ പ്രസിഡന്റിന്റെ അഭിപ്രായം മുഖവിലയ്ക്കെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ബൈഡൻപറഞ്ഞു.
സഖ്യരാഷ്ട്രങ്ങളുടെയും യുക്രെയ്നിന്റെയും ഭാഗത്ത് യു.എസ് ഉറച്ചുനിൽക്കും. യുക്രെയ്നിൽ 28 ലക്ഷം ജനങ്ങൾ അധിവസിക്കുന്ന കിയവ് ആണ് റഷ്യയുടെ ഉന്നം. എന്തുവിലകൊടുത്തും യുക്രെയ്ൻ ജനതയെ സംരക്ഷിക്കും. ആക്രമണമുണ്ടായാൽ റഷ്യക്കെതിരെ ഉപരോധം ചുമത്തും. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കെനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും ഈമാസം 24ന് കൂടിക്കാഴ്ചക്ക് തീരുമാനിച്ചിട്ടുണ്ട്. അതിനകം റഷ്യ യുക്രെയ്ൻ ആക്രമിച്ചാൽ നയതന്ത്രത്തിന്റെ മാർഗം അവർ ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവാണതെന്നും ബൈഡൻ പറഞ്ഞു. അതേസമയം, നാറ്റോയുമായും യൂറോപ്യൻ യൂനിയനുമായും ദീർഘകാല സംയോജനത്തിന് ശ്രമിച്ച് പ്രകോപിപ്പിച്ച യുക്രെയ്നിനെ ആക്രമിക്കാൻ പദ്ധതിയില്ലെന്ന് റഷ്യ ആവർത്തിച്ചു. മ്യൂണിച്ച് സുരക്ഷ കോൺഫറൻസിൽ പങ്കെടുക്കുന്നതിന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി രാജ്യം വിടുന്നതോടെ റഷ്യ ആക്രമണം നടത്തുമെന്നാണ് നാറ്റോ രാജ്യങ്ങളുടെ ഭീതി.
റഷ്യക്കെതിരെ ഉപരോധം -കമല ഹാരിസ്
മ്യൂണിച്: യുക്രെയ്ൻ ആക്രമിച്ചാൽ റഷ്യ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യു.എസ് വൈസ് പ്രസിഡന്‍റ് കമലാഹാരിസിന്റെ മുന്നറിയിപ്പ്. കണക്കു കൂട്ടാൻ പോലും സാധിക്കാത്ത രീതിയിലുള്ള കടുത്ത സാമ്പത്തിക നഷ്ടമാകും റഷ്യ നേരിടേണ്ടി വരിക. റഷ്യയുടെ സാമ്പത്തിക സ്ഥാപനങ്ങളെയും സുപ്രധാന വ്യവസായങ്ങളെയുമാണ് ലക്ഷ്യമിടുന്നത്. ദേശീയ അതിർത്തികൾ മാറ്റാൻ സേനയെ കൊണ്ട് കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി. മ്യൂണിച്ചിൽ കമല ഹാരിസ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
യുക്രെയ്ൻ സൈനികൻ കൊല്ലപ്പെട്ടു
കിഴക്കൻ യുക്രെയ്നിൽ വിമതരുടെ നിയന്ത്രണത്തിലുള്ള ഡോൺബസ് മേഖലയിൽനിന്ന് യുക്രെയ്ൻ സൈനികർക്കു നേരെ ഷെല്ലാക്രമണം തുടരുന്നു. ആക്രമണത്തിൽ യുക്രെയ്ൻ സൈനികൻ കൊല്ലപ്പെട്ടു. രണ്ടുസൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ എമർജൻസി സർവിസ് അറിയിച്ചു. വെടിനിർത്തൽ കരാറുകളിൽ ഉപയോഗിക്കരുതെന്ന് നിഷ്കർഷിച്ച മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ചാണ് ആക്രമണം. മേഖലയിൽ യുക്രെയ്ൻ സൈന്യത്തെ പ്രതിരോധിക്കാൻ വിമതർ സൈനികരെ അണിനിരത്തിയിട്ടുണ്ട്. എട്ടുവർഷമായി വിമതരും യുക്രെയ്ൻ സൈന്യവും തമ്മിൽ പോരാട്ടം തുടരുകയാണ്. അടുത്തിടെ ആക്രമണം രൂക്ഷമായിട്ടുണ്ട്.
അതിനിടെ, ലുഹാൻസ്ക്, ഡോൺബസ് മേഖലകളിൽ പൂർണ സൈനികസന്നാഹത്തിന് വിമതനേതാവ് ആഹ്വാനം നൽകിയിട്ടുണ്ട്. അതേസമയം, പ്രകോപനങ്ങൾക്ക് തിരിച്ചടി നൽകാനില്ലെന്നും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും യുക്രെയ്ൻ പ്രസിഡന്‍റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.