വൂഹാനിൽ വിമാന യാത്രയും സാധാരണ നിലയിൽ
text_fieldsബെയ്ജിങ്: കോവിഡ് മഹാമാരി ആദ്യമായി കണ്ടെത്തുകയും പടർന്നുപിടിക്കുകയും ചെയ്ത ചൈനയിലെ വൂഹാൻ പ്രവിശ്യയിൽ വിമാന യാത്രയും സാധാരണ നിലയിൽ. ആഭ്യന്തര സർവിസുകളിലാണ് കൂടുതൽ യാത്രക്കാർ എത്തിത്തുടങ്ങിയത്. 2019 ഡിസംബർ അവസാനം കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തതോടെ 76 ദിവസത്തെ കടുത്ത ലോക്ഡൗണിലായ വൂഹാനിൽ ഏപ്രിൽ മുതലാണ് ഇളവുകൾ നൽകിത്തുടങ്ങിയത്.
ആഭ്യന്തര വിമാന സർവിസ് പൂർണമായും പുനരാരംഭിച്ചതോടെ ജീവിതം സാധാരണ നിലയിലേക്ക് മാറി. വെള്ളിയാഴ്ച 500 ആഭ്യന്തര വിമാന സർവിസുകളിൽ 64,700 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് വൂഹാൻ തിയാൻഹെ അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു. സോൾ, സിംഗപ്പൂർ, ക്വാലാലംപുർ, ജകാർത്ത തുടങ്ങിയ അന്താരാഷ്ട്ര സർവിസുകൾക്കുള്ള ഒരുക്കവും ആരംഭിച്ചിട്ടുണ്ട്.
ചൈനയിലെ പ്രധാന വ്യവസായ നഗരവും വാഹന വ്യവസായ കേന്ദ്രവുമായ വൂഹാനിൽനിന്ന് നേരത്തേ തന്നെ അന്താരാഷ്ട്ര കാർഗോ വിമാന സർവിസുകൾ ആരംഭിച്ചിരുന്നു. ആംസ്റ്റർഡാം, ന്യൂഡൽഹി തുടങ്ങിയ സ്ഥലങ്ങളിേലക്കാണ് ചരക്ക് സർവിസ് നടത്തുന്നത്.
അതിനിടെ, ചൈനയിൽ തദ്ദേശീയമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാതായിട്ട് ഒരുമാസം പിന്നിട്ടു. ഞായറാഴ്ച 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം വിദേശത്തുനിന്ന് വന്നവരാണ്.
നിലവിൽ കോവിഡ് ബാധിച്ച് രാജ്യത്ത് 151 പേർ ചികിത്സയിലും 357 പേർ നിരീക്ഷണത്തിലുമാണെന്ന് നാഷനൽ ഹെൽത്ത് കമീഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.