ശവം മണക്കുന്ന ഒറ്റ ഇതളുള്ള ഭീമൻ പുഷ്പം; അപൂർവമായി വിരിയുന്ന പൂവ് കാണാനെത്തിയത് ആയിരങ്ങൾ
text_fieldsസുമാത്രൻ ദ്വീപിൽ കണ്ടുവരുന്ന അഴകിയ മാംസത്തിന്‍റെ ഗന്ധമുള്ള ഭീമൻ പുഷ്പം. ഗന്ധത്തിന്‍റെ പ്രത്യേകതകൊണ്ടുതന്നെ വിളിക്കുന്നത് 'ശവ പുഷ്പ'മെന്നും. അപൂർവമായി മാത്രം കണ്ടുവരുന്ന പുഷ്പം വിരിഞ്ഞത് പോളണ്ട് വാർസോയിലെ ബൊട്ടാണിക്കൽ ഗാർഡനിലും.
മണിക്കൂറുകൾ കാത്തുനിന്നാണ് സഞ്ചാരികൾ പൂവ് വിരിയുന്നത് കണ്ടത്. വാർത്തയറിഞ്ഞ് വിരിഞ്ഞ പൂവ് കാണാനായി നിരവധി പേർ ബൊട്ടാനിക്കൽ ഗാർഡനിലേക്ക് ഒഴുകിയെത്തുകയും ചെയ്തു.
സുമാത്രൻ പ്രദേശത്താണ് ഈ പുഷ്പം കണ്ടുവരുന്നത്. പേര് ടൈറ്റൻ ആരം. മാംസം ഭക്ഷിക്കുന്ന പ്രാണികളെ പരാഗണത്തിനായി ആകർഷിക്കുന്ന ഈ പുഷ്പം വിരിഞ്ഞ് ഒരു ദിവസത്തിനകം വാടുകയും ചെയ്യും. ഞായറാഴ്ച വിരിഞ്ഞ പൂവ് തിങ്കളാഴ്ച വാടിയിരുന്നു.
അസാധാരണ ഗന്ധം മൂലം പലരും പൂവ് നേരിട്ട് കാണാനെത്താൻ വിസമ്മതിച്ചതായും വാർസോ യൂനിവേഴ്സിറ്റി ബൊട്ടാണിക്കൽ ഗാർഡൻ അധികൃതർ പറയുന്നു. പലരും യൂനിവേഴ്സിറ്റിയുടെ ലൈവ് പരിപാടിയിലൂടെയാണ് പൂവിനെ ആസ്വദിച്ചത്.
ആയിരക്കണക്കിന് പേർ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും വരിയായി നിന്ന് പൂവ് കാണാനെത്തിയിരുന്നതായി യൂനിവേഴ്സിറ്റി പറയുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ പുഷ്പങ്ങളിലൊന്നാണ് ടൈറ്റൻ ആരത്തിേന്റത്. ഒറ്റ ഇതളിൽ വിരിയുന്ന കൂറ്റൻ പുഷ്പം. 10 അടിയോളം ഉയരമുണ്ടാകും ഇതിന്‍റെ പൂവിന് മാത്രം. ഒറ്റ വലിയ ഇതളിന് നടുവിലായി പച്ച നിറത്തിലുള്ള വലിയ മുകുളവുമുണ്ടാകും. അപൂർവങ്ങളിൽ അപൂർവവും പ്രവചനാതീതവുമാണ് ഇതിന്‍റെ വിരിയൽ.
2016ൽ ന്യൂയോർട്ട് ബൊട്ടാണിക്കൽ ഗാർഡനിൽ ഈ പൂവ് വിരിഞ്ഞിരുന്നു. സുമാത്രയിലെ മഴക്കാടുകളിൽ കണ്ടുവരുന്ന ഈ ചെടി വനനശീകരണം മൂലം വംശനാശത്തിന്‍റെ വക്കിലാണ്. ബൊട്ടാണിക്കൽ ഗാർഡനുകളിൽ ഇവ സംരക്ഷിച്ചുപോരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.