ആമസോൺ മഴക്കാടുകൾക്ക് പുതുജീവൻ ലഭിക്കുമോ?
text_fieldsറിയോ ഡെ ജനീറോ: ബ്രസീലിലെ ആമസോൺ മഴക്കാടുകൾക്ക് ഒടുവിൽ പുതുജീവൻ ലഭിക്കുമോ? കടുത്ത വനനശീകരണത്തിൽനിന്ന് ഈ മഴക്കാടുകൾ രക്ഷപ്പെടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ലൂയിസ് ഇനാസിയോ ലുല ഡ സിൽവ അധികാരത്തിൽ വന്നശേഷം ആറ് മാസത്തിനുള്ളിൽ ആമസോണിലെ വനനശീകരണം 33.6 ശതമാനമായാണ് കുറഞ്ഞത്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 2649 ചതുരശ്ര കിലോമീറ്റർ മഴക്കാടുകളാണ് ഇല്ലാതായത്.
അതേസമയം, കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂൺ വരെ മുൻ പ്രസിഡന്റ് ബോൽസൊനാരോയുടെ കാലത്ത് ശോഷിച്ചത് 3988 ചതുരശ്ര കിലോമീറ്റർ മഴക്കാടുകളാണ്. ബ്രസീലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ചാണ് മഴക്കാടുകളുടെ ശോഷണം സംബന്ധിച്ച സ്ഥിതി വിവരക്കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് ഈ വർഷം ജൂണിൽ 41 ശതമാനമാണ് വനനശീകരണത്തിൽ കുറവുണ്ടായത്. 2030ഓടെ വനനശീകരണം പൂർണമായി ഇല്ലാതാക്കുമെന്നാണ് ലുലു പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ഈ ലക്ഷ്യം കൈവരിക്കുക എന്നത് പുതിയ സർക്കാറിന് കടുത്ത വെല്ലുവിളിയായിരിക്കും. ലുലയുടെ ഭരണകാലത്ത് ഇല്ലാതായ മഴക്കാടുകളുടെ വിസ്തൃതി ന്യൂയോർക് നഗരത്തിന്റെ മൂന്നിരിട്ടി വരും. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആമസോൺ മഴക്കാടുകൾ അപകടകരമായ രീതിയിലാണ് ശോഷിച്ചുകൊണ്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിനെതിരായ ആഗോള പോരാട്ടത്തിൽ അതിനിർണായകമാണ് ആമസോൺ മഴക്കാടുകളുടെ സംരക്ഷണം.
ജനുവരിയിൽ അധികാരത്തിൽ വന്ന ലുല, മുൻഗാമി ജെയർ ബോൽസൊനാരോയുടെ നയങ്ങൾ തിരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആമസോണിലെ ഉൾനാടൻ മേഖലകളിൽ ഖനനത്തിന് പ്രോത്സാഹനം നൽകുന്നതായിരുന്നു ബോൽസൊനാരോയുടെ നിലപാട്. ഇതിൽ മാറ്റം വരുത്താനുള്ള സർക്കാർ തീരുമാനത്തെ തദ്ദേശ വിഭാഗങ്ങൾ സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.