മരിച്ചവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനാകുമോ ? നിർണായക കണ്ടെത്തലുമായി യാലെ യൂനിവേഴ്സിറ്റി
text_fieldsമരണത്തിന്റെ നിർവചനം തന്നെ മാറ്റിമറിക്കുന്ന കണ്ടെത്തലാണ് യാലെ യൂനിവേഴ്സിറ്റിയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ നടത്തിയിരിക്കുന്നത്. മരണത്തിന് ഒരു മണിക്കൂറിന് ശേഷം പന്നികളിലെ രക്തഒഴുക്ക് പുനഃസ്ഥാപിച്ചാണ് ശാസ്ത്രജ്ഞർ പുതിയ കണ്ടെത്തൽ നടത്തിയത്. ഇതിനൊപ്പം ചില അവയവങ്ങളിലെ കോശങ്ങളുടെ പ്രവർത്തനം പുനഃസ്ഥാപിക്കാനും അവർക്ക് സാധിച്ചു.
നേച്ചർ എന്ന് പേരുള്ള ശാസ്ത്രമാസികയിലാണ് യാലെ യൂനിവേഴ്സിറ്റിയുടെ പഠനഫലം പ്രസിദ്ധീകരിച്ചത്. അവയവമാറ്റത്തിൽ ഉൾപ്പടെ വിപ്ലവകരമായ മാറ്റങ്ങൾ പുതിയ കണ്ടെത്തൽ കൊണ്ടുവരുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
എല്ലാ സെല്ലുകളും മരണത്തിന് ശേഷം ഉടൻ നശിക്കില്ല. അവയിൽ പലതിനേയും പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന് യാലേ യൂനിവേഴ്സിറ്റി ശാസ്ത്രജ്ഞനായ ഡേവിഡ് ആൻഡ്രിജെവിക് പറഞ്ഞു. ഇതിന് മുമ്പ് 2019ൽ യു.എസിലും സമാനമായ പഠനം നടന്നിരുന്നു. അന്ന് പന്നികളിലെ തലച്ചോറിലെ സെല്ലുകളുടെ പ്രവർത്തനമാണ് പുനഃസ്ഥാപിച്ചത്. 2019ലെ അതേസാങ്കേതിക വിദ്യ ഉപയോഗിച്ച് ശരീരത്തിലെ കൂടുതൽ അവയവങ്ങളുടെ സെല്ലുകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കുകയായിരുന്നു.
പന്നികളുടെ രക്തം, സിന്തറ്റിക് രൂപത്തിലുള്ള ഹീമോഗ്ലോബിൻ, കോശങ്ങളെ സംരക്ഷിക്കുന്നതിനും രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുമുള്ള മരുന്ന് എന്നിവയുൾപ്പെട്ട മിശ്രിതം ചത്ത പന്നികളിൽ കുത്തിവെച്ചായിരുന്നു പരീക്ഷണം. ഇൗ മിശ്രിതം കുത്തിവെച്ചതിന് ശേഷം പന്നികളിലെ രക്തയോട്ടം വർധിച്ചുവെന്നും ഹൃദയം, കരൾ, വൃക്ക എന്നീ അവയവങ്ങളിലെ സെല്ലുകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞുവെന്നും ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.