ആഗോളതാപനം 1.5 ഡിഗ്രിയിൽ പിടിച്ചുനിർത്തും; ഗ്ലാസ്ഗോ കാലാവസ്ഥ ഉച്ചകോടി
text_fieldsഗ്ലാസ്ഗോ: ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസ് ആയി കുറക്കാമെന്ന കരാറിൽ ഒപ്പുവെച്ച് ഗ്ലാസ്ഗോയിൽ ഒത്തുകൂടിയ രാജ്യങ്ങൾ പിരിഞ്ഞു. സുപ്രധാന ചുവടുവെപ്പാണിതെന്ന് യു.എൻ വിശേഷിപ്പിച്ചപ്പോൾ, വഞ്ചനയാണെന്നും ആരോപിച്ച് കരാർ പരിസ്ഥിതി പ്രവർത്തകർ തള്ളി. ശനിയാഴ്ച അർധരാത്രി 200 ഓളം രാജ്യങ്ങളാണ് കരാർ അംഗീകരിച്ചത്.
കൽക്കരി ഉൾപ്പെടെയുള്ള ഫോസിൽ ഇന്ധനങ്ങൾക്കുള്ള ഇളവ് ഒഴിവാക്കണമെന്നും ഉച്ചകോടിയിൽ നിർദേശം ഉയർന്നിരുന്നു. എന്നാൽ, പൂർണമായി ഒഴിവാക്കുന്നതിനുപകരം ഘട്ടംഘട്ടമായി നടപ്പാക്കാമെന്ന ഇന്ത്യയുടെ നിർദേശം ഉച്ചകോടി അംഗീകരിച്ചു. ചൈനയും ഇന്ത്യയുടെ തീരുമാനത്തെ പിന്താങ്ങി.
രണ്ടാഴ്ചയോളം സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ ലോകരാജ്യങ്ങൾ ചർച്ചചെയ്തിട്ടും കാലാവസ്ഥ വ്യതിയാനം തടയാനുള്ള പ്രാവർത്തികമായ നടപടികൾ ഉണ്ടായില്ലെന്ന് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് കുറ്റപ്പെടുത്തി.
യഥാർഥ നടപടികൾ അടച്ചിട്ട ചുവരുകളും കടന്ന് പുറത്തുവരണമെന്നും ഗ്രെറ്റ നേതൃത്വം നൽകുന്ന ഫ്രൈഡേ മൂവ്മെൻറ് ട്വിറ്ററിൽ കുറിച്ചു.
കരാർ ജനങ്ങളോടും ഭൂമിയോടുമുള്ള വഞ്ചനയാണെന്ന് യുദ്ധത്തിനും പട്ടിണിക്കുമെതിരെ പ്രചാരണം നടത്തുന്ന അസദ് റഹ്മാൻ ആരോപിച്ചു. കരാറിലെ പ്രധാന വ്യവസ്ഥകൾ:
1. കാലാവസ്ഥ വ്യതിയാനം തടയാൻ നടപടികൾ ശക്തമാക്കാൻ ലോകരാജ്യങ്ങൾക്ക് നിർദേശം.
2. കാലാവസ്ഥ വ്യതിയാനത്തിനെതിരായ ഓരോ രാജ്യത്തിെൻറയും പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ വാർഷിക യോഗം സംഘടിപ്പിക്കുക.
3. 2023ൽ ലോകനേതാക്കളുടെ യോഗം വിളിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
4. കൽക്കരി അടക്കമുള്ള ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുക. കൽക്കരി ഊർജ നിലയങ്ങൾക്ക് നൽകിവരുന്ന സബ്സിഡികൾ നിർത്തലാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.