ചൈനീസ് വാക്‌സിനുകള്‍ ഉപയോഗത്തിലുള്ള രാജ്യങ്ങളില്‍ കോവിഡ് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
text_fieldsവാഷിങ്ടണ്‍: ചൈനയുടെ കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ ഉപയോഗത്തിലുള്ള രാജ്യങ്ങളില്‍ സമീപകാലത്തായി കോവിഡ് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വലിയ തോതില്‍ വാക്‌സിനേഷന്‍ നടത്തിയ മംഗോളിയ, സീഷെല്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് വീണ്ടും ശക്തിപ്രാപിക്കുന്നത്. ചൈനീസ് വാക്‌സിനുകള്‍ ജനിതക വകഭേദം സംഭവിച്ച വൈറസുകള്‍ക്കെതിരെ ഫലപ്രദമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതെന്ന് 'ദി ന്യൂയോര്‍ക്ക് ടൈംസ'് റിപ്പോര്‍ട്ട് ചെയ്യുന്നു.
സീഷെല്‍സ്, ചിലി, മംഗോളിയ തുടങ്ങിയ രാജ്യങ്ങളില്‍ 50 മുതല്‍ 68 ശതമാനം വരെ ജനങ്ങളെ പൂര്‍ണ വാക്‌സിനേഷന് വിധേയമാക്കിയത് ചൈനീസ് വാക്‌സിന്‍ ഉപയോഗിച്ചാണ്. യു.എസിനെ മറികടക്കുന്ന വിധത്തിലാണ് ഇവിടങ്ങളില്‍ വാക്‌സിനേഷന്‍ പുരോഗമിച്ചത്്. എന്നാല്‍, സമീപ ആഴ്ചകളില്‍ കോവിഡ് വ്യാപന നിരക്ക് ഏറ്റവും വര്‍ധിച്ച 10 രാജ്യങ്ങളില്‍ ചൈനീസ് വാക്‌സിന്‍ ഉപയോഗത്തിലുള്ള രാജ്യങ്ങളുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
വാക്‌സിനുകള്‍ അത്ര മികച്ചതായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ഫലം വരില്ലായിരുന്നുവെന്ന് ഹോങ്കോങ് സര്‍വകലാശാലയിലെ വൈറോളജിസ്റ്റ് ജിന്‍ ഡോങ്യാന്‍ പറയുന്നു. ഇതിന് ചൈന തന്നെ പരിഹാരം കാണണം.
ചൈനയുടെ വാക്‌സിനുകള്‍ എളുപ്പത്തില്‍ ലഭ്യമായതാണ് പല രാജ്യങ്ങളും ഇവയെ ആശ്രയിക്കാന്‍ കാരണം. വാക്‌സിനേഷന്‍ നിരക്കില്‍ ലോകത്ത് ഏറ്റവും മുമ്പിലുള്ളത് ദ്വീപുരാഷ്ട്രമായ സീഷെല്‍സ് ആണ്. ചൈനയുടെ സിനോഫാം വാക്‌സിനാണ് ഇവിടെ ഉപയോഗിച്ചത്. പത്ത് ലക്ഷത്തിന് 716 എന്ന നിരക്കിലാണ് ഇവിടെ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാക്‌സിനേഷനില്‍ രണ്ടാമതുള്ള ഇസ്രായേലില്‍ ഇത് 10 ലക്ഷത്തിന് 4.95 എന്ന നിരക്കിലാണ്. അമേരിക്കന്‍ വാക്‌സിനായ ഫൈസറാണ് ഇസ്രായേല്‍ ഉപയോഗിച്ചത്.
ചൈനയുടെ സിനോഫാം വാക്‌സിന് 78.1 ശതമാനം ഫലപ്രാപ്തിയും സിനോവാക് വാക്‌സിന് 51 ശതമാനം ഫലപ്രാപ്തിയുമാണ് പറയുന്നത്. അതേസമയം, ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ക്ക് 90 ശതമാനത്തിലേറെ ഫലപ്രാപ്തിയുണ്ട്. കോവിഷീല്‍ഡിനും ഇന്ത്യയുടെ കൊവാക്‌സിനും ചൈനീസ് വാക്‌സിനുകളേക്കാള്‍ ഫലപ്രാപ്തിയുണ്ട്. ചൈനീസ് നിര്‍മാതാക്കള്‍ വാക്‌സിന്‍ പരീക്ഷണം സംബന്ധിച്ച അധികം വിവരങ്ങള്‍ പുറത്തുവിട്ടിട്ടുമില്ല.
കോവിഡ് വ്യാപനം തടയാന്‍ കുറഞ്ഞ ശേഷി മാത്രമേ സിനോഫാം വാക്‌സിനുള്ളൂവെന്ന് ആസ്‌ട്രേലിയയിലെ ഫ്‌ലിന്‍ഡേര്‍സ് യൂണിവേഴ്‌സിറ്റി പ്രഫസര്‍ നിക്കോളായ് പെട്രോവ്‌സ്‌കി പറയുന്നു. വാക്‌സിനെടുത്ത ആളുകള്‍ നേരിയ ലക്ഷണങ്ങള്‍ കാണിക്കുകയോ കാണിക്കാതിരിക്കുകയോ ചെയ്യും. എന്നാല്‍, അവരില്‍ നിന്ന് കോവിഡ് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. ഇതാണ് പ്രധാന പ്രശ്‌നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.