ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം; യാത്രാ വിലക്കുമായി കൂടുതൽ രാജ്യങ്ങൾ
text_fieldsലണ്ടൻ: ദക്ഷിണാഫ്രിക്കയിലും അയൽ രാജ്യങ്ങളിലും കോവിഡ് വൈറസിന്‍റെ പുതിയ വകഭേദം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഇവിടെ നിന്നുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തി വിവിധ രാജ്യങ്ങൾ. യു.കെ, ജപ്പാൻ, സിംഗപ്പൂർ, ഇസ്രായേൽ രാജ്യങ്ങളും വിവിധ യൂറോപ്യൻ രാജ്യങ്ങളുമാണ് ദക്ഷിണാഫ്രിക്കയിൽനിന്നും അഞ്ചു അയൽ രാജ്യങ്ങളിൽനിന്നുമുള്ള വിമാന സർവിസ് താൽക്കാലികമായി വിലക്കിയത്.
ഈ രാജ്യങ്ങളിൽനിന്ന് വരുന്ന സ്വദേശികൾക്ക് കർശന ക്വാറൻറീനും ഏർപ്പെടുത്തി. പുതിയ വകഭേദത്തിന് നിലവിലുള്ള കോവിഡ് വാക്സിനുകളെ ചെറുക്കാനും വ്യാപനശേഷി കൂടുതലുമാണെന്ന് ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചതോടെയാണ് വിവിധ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയെ കൂടാതെ, ബോത്സ്വാന, നമീബിയ, സിംബാബ്െവ, എസ്വതിനി, ലെസോതോ രാജ്യങ്ങളിൽന്നുള്ള യാത്രക്കാർക്കാണ് വിലക്കേർപ്പെടുത്തിയത്.
മലാവിയിൽനിന്നെത്തിയ ഒരാളിൽ പുതിയ വൈറസ് വകഭേദം കണ്ടെത്തിയതായി ഇസ്രായേൽ ആരോഗ്യ മന്ത്രി പറഞ്ഞു. രണ്ടുപേർ നിരീക്ഷണത്തിലാണ്. മൂവരും വാക്സിൻ സ്വീകരിച്ചവരാണ്. അതേസമയം, പുതിയ യാത്ര വിലക്ക് ഏർപ്പെടുത്തുന്നതിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആശങ്ക പ്രകടിപ്പിച്ചു.
യാത്രാ നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ ശാസ്ത്രീയമായ സമീപനം സ്വീകരിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ വക്താവ് അഭ്യർഥിച്ചു. പുതിയ വകഭേദത്തിന് എത്രത്തോളം വ്യാപനശേഷിയുണ്ടെന്ന് സ്ഥിരീകരിക്കാൻ ആഴ്ചകളെടുക്കുമെന്നും വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയിൽനിന്നും അഞ്ചു അയൽ രാജ്യങ്ങളിൽനിന്നുമുള്ള വിമാന സർവിസ് വെള്ളിയാഴ്ച മുതൽ വിലക്കിയതായി ബ്രിട്ടൻ അറിയിച്ചു. ഈ രാജ്യങ്ങളിൽനിന്ന് വന്നവർ കോവിഡ് പരിശോധനക്ക് വിധേയരാകണമെന്നും ക്വാറൻറീനിൽ കഴിയണമെന്നും നിർദേശം നൽകി.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പുതിയ നിയന്ത്രണങ്ങളെ കുറിച്ച ആലോചിക്കുമെന്ന് 27 രാജ്യങ്ങൾ ഉൾപ്പെടുന്ന ഇ.യു ബ്ലോക്ക് അറിയിച്ചു. യൂറോപ്പിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ജർമനിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.