ദമ്പതികൾ വളർത്താനായി വാങ്ങിയത് പൂച്ചക്കുട്ടിയെ; വളർന്നുവന്നപ്പോൾ കടുവക്കുഞ്ഞ്
text_fieldsപാരീസ്: ഫ്രാൻസിലെ ലെ ഹാവെ നഗരത്തിൽ നിന്നുള്ള ദമ്പതികൾ ഒരാഴ്ച മുമ്പാണ് ഓൺലൈൻ പോർട്ടലിൽ കണ്ട പരസ്യം വഴി പൂച്ചക്കുട്ടിയെ വാങ്ങിയത്. ആഫ്രിക്കൻ പുൽമേടുകളിൽ സാധാരണയായി കണ്ടുവരുന്ന സാവന്ന കാറ്റ് എന്ന പ്രത്യേകയിനം പൂച്ചക്കുട്ടിയായിരുന്നു അത്. ഒന്നും രണ്ടുമല്ല, ആറായിരം യൂറോ എണ്ണിക്കൊടുത്താണ് അവർ ഇഷ്ടപ്പെട്ട പൂച്ചക്കുട്ടിയെ വീട്ടിലെത്തിച്ചത്. മൂന്ന് മാസം മാത്രമേ അതിനപ്പോൾ പ്രായമുണ്ടായിരുന്നുള്ളൂ.
വീട്ടിലെത്തിച്ച് പാലും പഴവുമൊക്കെ കൊടുത്ത് ഇരുവരും പൂച്ചക്കുട്ടിയെ ഓമനിച്ച് തുടങ്ങി. എന്നാൽ, ഓരോ ദിവസം കഴിയുന്തോറും പൂച്ചക്കുട്ടിയുടെ ശബ്ദത്തിൽ ഒരു വ്യത്യാസം തോന്നിത്തുടങ്ങി. ഗാംഭീര്യമുള്ള ഒരു മുരൾച്ചയൊക്കെ വന്നു തുടങ്ങി. പൂച്ചക്കുട്ടിയുടെ കാര്യത്തിൽ സംശയം വന്നതോടെ ദമ്പതികൾ പൊലീസിൽ വിവരമറിയിച്ചു.
പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് ഇവർ ശരിക്കും ഞെട്ടിയത്. പൂച്ചക്കുഞ്ഞാണെന്ന് കരുതി ഇതുവരെ തങ്ങൾ താലോലിച്ചിരുന്നത് ഉഗ്രനൊരു കടുവക്കുഞ്ഞിനെയായിരുന്നു. സുമാത്രൻ ഇനത്തിൽപെട്ട കടുവക്കുഞ്ഞായിരുന്നു അത്.
എന്നാൽ, പൊലീസ് സംഭവം അവിടെ വിട്ടില്ല. വന്യമൃഗങ്ങളെ വിൽക്കുന്ന സംഘത്തിനായി രണ്ട് വർഷത്തോളമായി അന്വേഷണത്തിലായിരുന്നു അവർ. ഒമ്പത് പേരെയാണ് ഇതിന്‍റെ ഭാഗമായി അറസ്റ്റ് ചെയ്്തത്. പൂച്ചക്കുഞ്ഞാണെന്ന് കരുതി കടുവക്കുഞ്ഞിനെ വാങ്ങിയ ദമ്പതികളെ കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീട് വിട്ടയച്ചു.
കടുവക്കുഞ്ഞിനെ വന്യജീവി സംരക്ഷണ വിഭാഗത്തിന് കൈമാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.