14 കോടിയുടെ പഞ്ചസാര ഫാക്ടറി ക്രമക്കേട്: ബി.ജെ.പി നേതാവടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യഹർജി തള്ളി
text_fieldsമംഗളൂരു: ഉഡുപ്പി ജില്ലയിലെ ബ്രഹ്മാവർ പഞ്ചസാര ഫാക്ടറിയിലെ യന്ത്രങ്ങളും ആക്രികളും വില്പന നടത്തിയതിൽ 14കോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഉഡുപ്പി പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജ് ശാന്തവീര ശിവപ്പ തള്ളി. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകൾ ഉൾപ്പെട്ട അവിഭക്ത ദക്ഷിണ കനറ കോഓപ്പറേറ്റീവ് ഷുഗർ ഫാക്ടറി പ്രസിഡന്റ് ഉൾപ്പെടെ ഡയറക്ടർമാരും ജീവനക്കാരുമടക്കം18 പേരാണ് ഹരജിക്കാർ.
ബി.ജെ.പി മുൻ ജില്ല പ്രസിഡന്റുകൂടിയായ ഫാക്ടറി ഭരണസമിതി പ്രസിഡന്റ് സുപ്രസാദ് ഷെട്ടി, ബിജെപി പ്രവർത്തകരായ വൈസ് പ്രസിഡന്റ് ഉമാനാഥ് ഷെട്ടി, ഡയറക്ടർമാരായ അസ്തിക ശാസ്ത്രി, സുബ്ബ ബില്ലവ, സന്തോഷ് കുമാർ ഷെട്ടി, സന്മദ് ഹെഗ്ഡെ, രത്നാകര ഗണിക, വാസന്തി ആർ ഷെട്ടി, ഹേമലത യു. ഷെട്ടി, ഗീത ശംഭു പൂജാരി, ജീവനക്കാരായ എം. ഗോപാലകൃഷ്ണ, രമാനന്ദ നീലവര, ഉദയ് ആചാർ, റോണി ഡീസൂസ, യു.എൻ. ശങ്കർ, കെ. പത്മനാഭ, വിശ്വനാഥ് ഷെട്ടി, ഗണേശ് പൂജാരി എന്നിവരാണ് കേസിലെ പ്രതികൾ.
ഏറെ വിവാദം സൃഷ്ടിച്ച അഴിമതിക്കെതിരെ ഫാക്ടറിയിലും പുറത്തും പ്രക്ഷോഭങ്ങൾ നടന്നിരുന്നു. ഉഡുപ്പി ജില്ല റൈത്ത സംഘ ജനറൽ സെക്രട്ടറി സതീഷ് കിണി കഴിഞ്ഞ മാസം 21ന് ഫയൽ ചെയ്ത സ്വകാര്യ അന്യായത്തിൽ ഉഡുപ്പി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശപ്രകാരം ഒക്ടോബർ 25നാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
കർണാടകയിൽ ബി.ജെ.പി സർക്കാർ അധികാരത്തിലിരിക്കെ 2021 ആഗസ്റ്റ് 18നും 2022 ഡിസംബർ അഞ്ചിനും നടത്തിയ വില്പനയിലൂടെ 14 കോടി രൂപയുടെ ക്രമക്കേട് നടത്തി എന്നാണ് സതീഷ് കിണിയുടെ പരാതിയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ഉന്നതരുമായി അടുപ്പം അവകാശപ്പെടുന്ന സുപ്രസാദ് ഷെട്ടിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം വരുംവരെ പൊലീസ് സന്നദ്ധമായിരുന്നില്ല.
പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയറാം ഷെട്ടിയുടെ വാദം ശരിവെച്ചാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.