കോവാക്സിൻ ആൽഫ, ഡെൽറ്റ കോവിഡ് വകഭേദങ്ങൾക്കെതിരെ ഫലപ്രദമെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: അൽഫ, ഡെൽറ്റ കോവിഡ് വകഭേദങ്ങൾക്കെതിരെ കോവാക്സിൻ ഫലപ്രദമെന്ന് യു.എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്. കോവാക്സിൻ സ്വീകരിച്ചവരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇവരിൽ ഉണ്ടായ ആന്‍റിബോഡി ആൽഫ, ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്ന് യു.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹെൽത്ത് വ്യക്തമാക്കി.
യു.കെയിലാണ് ആൽഫ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഡെൽറ്റ വകഭേദം ഇന്ത്യയിലാണ് ആദ്യമായി കണ്ടെത്തിയത്. രോഗലക്ഷണങ്ങളുള്ള കോവിഡ് രോഗികളിൽ കോവാക്സിൻ 77.8 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, വാക്സിന്റെ മൂന്നാംഘട്ട പരിശോധനഫലം ഇതുവരെ പുറത്ത് വന്നിട്ടില്ല.
ഭാരത് ബയോടെക്കിന്‍റെ കോവാക്സിൻ, ഓക്സ്ഫെഡ് ആസ്ട്ര സെനിക്കയുടെ കോവിഷീൽഡ് എന്നീ വാക്സിനുകൾക്കാണ് ഇന്ത്യയിൽ ആദ്യം അനുമതി നൽകിയത്. പിന്നീട് റഷ്യയുടെ സ്പുട്നിക്കിനും അനുമതി ലഭിച്ചു. കഴിഞ്ഞ ദിവസം യു.എസ് വാക്സിനായ മൊഡേണയുടെ ഇറക്കുമതിക്കും സർക്കാർ അനുമതി നൽകി. വരും ദിവസങ്ങളിൽ ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ, സിഡുസ് കാഡില തുടങ്ങിയ വാക്സിനുകൾക്കും അനുമതി നൽകുമെന്നാണ് പ്രതീക്ഷ. സിഡുസ് കാഡിലക്ക് അനുമതി ലഭിച്ചാൽ അത് ഇന്ത്യയിലെ രണ്ടാമത് മെയ്ഡ് ഇൻ ഇന്ത്യ വാക്സിനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.