കാനഡയെ ആശാങ്കയിലാഴ്ത്തി കോവിഡിന്‍റെ ലാംഡ വകഭേദം വ്യാപിക്കുന്നു
text_fieldsഒട്ടാവ: കോവിഡ് ലാംഡ വകഭേദം വ്യാപിക്കുന്നത് കാനഡയെ ആശങ്കയിലാഴ്ത്തുന്നു. വ്യാഴാഴ്ച പുതുതായി 11 ലാംഡ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തതെന്ന് ചീഫ് പബ്ലിക് ഹെൽത്ത് ഓഫിസറായ ഡോ. തെരേസ ടാം പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ മരണനിരക്കുള്ള പെറുവിലാണ് ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്.
ലാംഡ വകഭേദം എങ്ങനെയാണ് പടർന്ന് പിടിക്കുന്നതെന്നും കോവിഡ് വാക്സിനോട് അവ എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും കാനഡയിലെ ആരോഗ്യ വിദഗ്ധർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇപ്പോൾ വളരെ കുറച്ച് ലാംഡ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുന്നതേയുള്ളൂവെന്നും തെരേസ പറഞ്ഞു.
ലാംഡ വകഭേദം എം ആർ.എൻ.എ വാക്സിനുകളായ ഫൈസർ- ബയോൺടെക്, മൊഡേണ സ്വീകരിച്ചവരിലും രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നതായി ന്യൂയോർക്ക് സർവകലാശാല ജൂലൈയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അതേസമയം ഇവക്കെതിരെ ഫലപ്രദമാണെന്നാണെന്ന് തന്നെയാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ കനത്ത നാശം വിതച്ച കോവിഡ് ഡെൽറ്റ വകഭേദത്തേക്കാൾ ഭീകരനായ 'ലാംഡ' വകഭേദം 30ലധികം രാജ്യങ്ങളിൽ കണ്ടെത്തിയതായി യു.കെ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
യു.കെയിൽ ഇതുവരെ ആറ് ലാംഡ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലാംഡ വകഭേദം ഡെൽറ്റ വകഭേദത്തേക്കാൾ വിനാശകാരിയാണെന്ന് ഗവേഷകർ കണ്ടെത്തിയതായി 'ദ സ്റ്റാർ' റിപ്പോർട്ട് ചെയ്തു.
പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ റിപ്പോർട്ട് പ്രകാരം മേയ്, ജൂൺ മാസങ്ങളിൽ പെറുവിൽ സ്ഥിരീകരിച്ച 82 ശതമാനം കോവിഡ് കേസുകളുടെയും സാംപിളുകൾ ലാംഡയുടേതാണെന്ന് യൂറോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ജൂൺ 30നകം എട്ട് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ രാജ്യങ്ങളിലും ലാംഡ റിപ്പോർട്ട് ചെയ്തതായി പി.എ.എച്ച്.ഒ റീജ്യനൽ അഡ്വൈസർ ജെയ്റോ മെൻഡസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.