കോവിഡ് സാമൂഹികമായി ഗുരുതര രോഗമല്ല; നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് ഡെൻമാർക്ക്
text_fieldsകോപ്പൻഹേഗൻ: കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാനൊരുങ്ങി യുറോപ്യൻ യൂണിയൻ രാജ്യമായ ഡെൻമാർക്ക്. സാമൂഹികമായി ഗുരതരമായ രോഗമല്ല കോവിഡ് എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം.യുറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുമ്പോൾ മറ്റ് ചിലർ ഇതിൽ ഇളവ് വരുത്തുകയാണ്.
ഒമിക്രോൺ വകഭേദം രാജ്യത്ത് പടർന്നു പിടിക്കുന്നതിനിടെയാണ് ഡെൻമാർക്ക് നിയന്ത്രണങ്ങൾ പിൻവലിച്ചത്. ഒമിക്രോൺ ആരോഗ്യസംവിധാനത്തിന് മേൽ കടുത്ത സമ്മർദ്ദം ഉണ്ടാക്കുന്നില്ലെന്നാണ് ഡെൻമാർക്ക് സർക്കാറിന്‍റെ വിലയിരുത്തൽ. അതേസമയം, കോവിഡ് നിയന്ത്രണങ്ങൾ ഇനിയും കൊണ്ടു വരുമോയെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് പ്രധാനമന്ത്രി മെറ്റ ഫ്രെഡ്രിക്സൻ പറഞ്ഞു.
നിയന്ത്രണങ്ങളോട് അവസാനമായി ഗുഡ്ബൈ പറയുകയാണെന്ന് വിചാരിക്കരുത്. പുതിയ കോവിഡ് വകഭേദം വന്നാൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാമെന്നും ഡെൻമാർക്ക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച ഡെൻമാർക്കിൽ പ്രതിദിനം 50,000ത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ, ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്.
ഡെൻമാർക്കിന് പുറമേ കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടും കോവിഡ് നിയന്ത്രണങ്ങൾ നീക്കിയിരുന്നു. മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയത് ഉൾപ്പടെയുള്ള നിയന്ത്രണങ്ങളാണ് നീക്കിയത്. അയർലാൻഡും സമാനമായി നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരുന്നു. നെതർലാൻഡ് ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള ഒരുക്കത്തിലാണ്. ഫിൻലൻഡ്, സെർബിയ, ആസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.