മിന്നൽ വേഗതയിൽ ഒമിക്രോൺ പടരുന്നു -ഫ്രഞ്ച് പ്രധാനമന്ത്രി
text_fieldsപാരിസ്: യൂറോപ്പിൽ കോവിഡിന്‍റെ ഒമിക്രോൺ വകഭേദം മിന്നൽ വേഗതയിലാണ് പടരുന്നതെന്നും അടുത്തവർഷം തുടക്കത്തോടെ ഫ്രാൻസിൽ മൂർധന്യത്തിലെത്തുമെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സിന്‍റെ മുന്നറിയിപ്പ്. യു.കെയിൽനിന്ന് രാജ്യത്ത് മടങ്ങിയെത്തുന്നവർക്ക് ഭരണകൂടം വെള്ളിയാഴ്ച മുതൽ കർശന യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
യൂറോപ്പിൽ ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത് യു.കെയിലാണ്. ഇതുവരെ 15,000 പേരിലാണ് രോഗബാധ കണ്ടെത്തിയത്. മേഖലയിലെ മറ്റു രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. യൂറോപ്പ് കോവിഡ് തരംഗത്തിന്‍റെ പടിവാതിൽക്കലാണെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
ജർമനി, അയർലൻഡ്, നെതർലൻഡ് എന്നീ രാജ്യങ്ങളിലും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. ജർമനിയിൽ മാത്രം വെള്ളിയാഴ്ച 50,000 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഫ്രാൻസ്, നോർവെ, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ ഹൈ റിസ്ക് വിഭാഗത്തിലാണെന്ന് പൊതു ആരോഗ്യ ഏജൻസി പറയുന്നു. തുടർച്ചയായ മൂന്നാംദിവസവും യു.കെയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയത്.
വിനോദസഞ്ചാരികൾക്കും ബിസിനസ്സ് ആവശ്യങ്ങൾക്കുമായി രാജ്യത്തേക്ക് വരുന്നതിന് ഫ്രാൻസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ, ഇറ്റലി, ഗ്രീസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ യൂറോപ്പിലെ മറ്റു രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.