എവറസ്റ്റും കീഴടക്കി കോവിഡ്; നോർവീജിയൻ പർവതാരോഹകന് രോഗം സ്ഥിരീകരിച്ചു
text_fieldsകാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടിയിലെ ബേസ് ക്യാമ്പിൽ പർവതാരോഹകന് കോവിഡ് സ്ഥിരീകരിച്ചു. നോർവീജിയൻ പർവതാരോഹകൻ എർലെൻഡ് നെസ്സിനാണ് വ്യാഴാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ലക്ഷണങ്ങൾ കണ്ടതിന് പിന്നാലെ ബേസ് ക്യാമ്പിൽ നിന്ന് പർവതാരോഹകനെ ഹെലികോപ്റ്റർ മാർഗം കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി.
തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായും ആശുപത്രിയിൽ സുഖമായിരിക്കുന്നുവെന്നും എർലെൻഡ് നെസ് ട്വീറ്റ് ചെയ്തു. എവറസ്റ്റിൽ വെച്ച് കൊറോണ ബാധിച്ച മറ്റൊരാൾ ഉണ്ടെന്ന് തോന്നുന്നില്ല. 8,000 മീറ്റർ ഉയരത്തിൽ നിന്ന് ഹെലികോപ്റ്റർ മുഖാന്തരം ആളുകളെ ഒഴിപ്പിക്കുന്നത് അസാധ്യമാണെന്നും നെസ് നോർവീജിയൻ ടി.വിയായ എൻ.ആർ.കെയോട് പറഞ്ഞു.
കൂടുതൽ പർവതാരോഹകർക്ക് വൈറസ് ബാധ പിടിപ്പെടുമോ എന്ന ആശങ്കയിലാണ് അധികൃതർ. വായുലഭ്യത കുറവുള്ള കൊടുമുടിയിൽ എത്തുന്നവർക്ക് ശ്വസിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സാഹചര്യത്തിൽ പർവതാരോഹകർക്ക് രോഗം പിടിപ്പെട്ടാൽ ആരോഗ്യനില തരണം ചെയ്യുക പ്രയാസകരമാണ്.
ഈ സീസണിൽ 377 വിദേശികൾക്കാണ് നേപ്പാൾ വിനോദ സഞ്ചാര വകുപ്പ് എവറസ്റ്റ് പർവതാരോഹണത്തിന് അനുമതി നൽകിയത്. കൂടാതെ ക്വാറന്‍റീൻ അടക്കമുള്ള കോവിഡ് പ്രതിരോധ നടപടികൾ കർശനമായി സ്വീകരിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയിൽ കഴിഞ്ഞ സീസണിൽ എവറസ്റ്റ് വിനേദസഞ്ചാര മേഖല കനത്ത തിരിച്ചടി നേരിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.