ഇസ്രായേലിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം
text_fieldsതെൽ അവീവ്: ഇസ്രായേലിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഒമ്പത് മുതൽ 10 ശതമാനം വരെ വർധന കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ഒക്ടോബർ ഏഴിന് ശേഷം രാജ്യത്തിന്റെ വടക്കൻ-തെക്കൻ മേഖലകളിൽ നിന്നെത്തി ഹോട്ടലുകളിൽ താമസിക്കുന്ന ആളുകൾക്കിടയിൽ കോവിഡ് പടരുന്നുവെന്നാണ് റിപ്പോർട്ട്.
ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ ഹോട്ടലുകളിൽ മെഡിക്കൽ സംഘങ്ങളേയും നിയോഗിച്ചിട്ടുണ്ട്. പനിയും ശ്വാസതടസ്സവും അനുഭവപ്പെടുന്നവർ ഹോട്ടൽ മുറികളിൽ തന്നെ കഴിയണമെന്ന നിർദേശം ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവാകുന്നവർ റൂമുകളിൽ അഞ്ച് ദിവസം ക്വാറന്റീൻ ഇരിക്കണമെന്നാണ് നിർദേശം. ഇതിന് ശേഷം പുറത്തിറങ്ങുമ്പോഴും ഇവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.
ഹോട്ടലുകളിലെ ജീവനക്കാരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. രോഗം സ്ഥിരീകരിക്കുന്നവർക്ക് ഹോട്ടൽ മുറിക്കകത്ത് തന്നെ ഭക്ഷണം നൽകണമെന്നും നിർദേശമുണ്ട്. വിനോദസഞ്ചാര വകുപ്പിന് ഇതുസംബന്ധിച്ച വിവരങ്ങൾ ആരോഗ്യമന്ത്രാലയം കൈമാറിയിട്ടുണ്ട്.
ഇതുവരെ 618 ആക്ടീവ് കോവിഡ് കേസുകളാണ് ഇസ്രായേലിലുള്ളത്. ഇതിന് 72 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒമ്പത് പേരാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്. കോവിഡ് പരിശോധന ആശുപത്രിയിൽ നടത്തിയവരുടെ വിവരങ്ങൾ മാത്രമാണ് ഇപ്പോൾ ആരോഗ്യമന്ത്രാലയത്തിന്റെ കൈവശമുള്ളത്. വീടുകളിൽ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയ എല്ലാവരും വിവരങ്ങൾ ആരോഗ്യമന്ത്രാലയത്തെ അറിയിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.