കോവിഡ്കാല അഴിമതി പുറത്തുവിട്ടു; ബംഗ്ലാദേശിൽ മാധ്യമപ്രവർത്തക അറസ്റ്റിൽ
text_fieldsധാക്ക: കോവിഡ് കാലത്ത് ബംഗ്ലാദേശ് ആരോഗ്യമന്ത്രാലയത്തിൽ അരങ്ങേറിയ അഴിമതി പുറത്തുവിട്ട അന്വേഷണാത്മക മാധ്യമപ്രവർത്തക അറസ്റ്റിൽ. പ്രമുഖ ബംഗ്ലാദേശ് പത്രമായ 'പ്രോതോം അലോ'യുടെ ലേഖിക റോസിന ഇസ്ലാമിനെയാണ് അറസ്റ്റ് ചെയ്തത്. ഇവർ പുറത്തുവിട്ട അഴിമതിരേഖകൾ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് കേസ്.
ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ റോസിനയുടെ വിചാരണ വ്യാഴാഴ്ച ആരംഭിക്കും. കുറ്റം തെളിഞ്ഞാൽ 14 വർഷം തടവുശിക്ഷയോ വധശിക്ഷയോ ലഭിച്ചേക്കാം. റോസിനയുടെ അറസ്റ്റിൽ മാധ്യമപ്രവർത്തകർ ധാക്ക പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. കോവിഡ് പ്രതിസന്ധിഘട്ടത്തിൽ മാധ്യമങ്ങൾക്കെതിരെ ആക്രമണം വർധിച്ചതായും പ്രതിഷേധക്കാർ ആരോപിച്ചു.
റോസിന ഇസ്ലാമിനെ ഉടൻ മോചിപ്പിക്കണമെന്ന് മാധ്യമപ്രവർത്തകരുടെ സംരക്ഷണസമിതി ആവശ്യപ്പെട്ടു. അടിയന്തര മെഡിക്കൽ ഉപകരണങ്ങൾ മാസങ്ങളായി ധാക്ക വിമാനത്താവളത്തിൽ കിടക്കുന്നതും ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള കൈക്കൂലിയും ആരോഗ്യമന്ത്രാലയം നടത്തുന്ന അഴിമതിയുമാണ് റോസിന പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.