കോവിഡ് മൂന്നാം തരംഗം; വീണ്ടും ലോക്ഡൗൺ കുരുക്കിൽ പാരിസ്
text_fieldsപാരിസ്: അതിവേഗം കോവിഡ് തീവ്രവ്യാപനത്തിലേക്ക് ചുവടുവെക്കുന്ന ഫ്രഞ്ച് തലസ്ഥാന നഗരം വീണ്ടും ലോക്ഡൗണിലേക്ക്. വെള്ളിയാഴ്ച രാത്രിയോടെ പാരിസിൽ ഒരു മാസം നീളുന്ന കോവിഡ് നിയന്ത്രണം നിലവിൽ വരും. വീടിനു പുറത്തിറങ്ങുന്നതും വ്യായാമം ചെയ്യുന്നതുമുൾപെടെ ഇളവുകളോടെയാണ് ലോക്ഡൗൺ നടപ്പാക്കുകയെന്ന് പ്രധാനമന്ത്രി ഴാങ് കാസ്റ്റക്സ് പറഞ്ഞു.
ലോക്ഡൗൺ കാലത്ത് അവശ്യ സേവന വിഭാഗത്തിൽ പെടാത്ത കടകൾ അടഞ്ഞുകിടക്കും. സ്കൂളുകൾ തുറക്കും. വ്യാപാര സ്ഥാപനങ്ങൾ സംബന്ധിച്ച് വിശദമായ വാർത്താകുറിപ്പ് വൈകാതെ പുറത്തിറക്കും. വീടിന് 10 കിലോമീറ്റർ പരിധിയിൽ വ്യായാമം അനുവദിക്കും. ന്യായമായ കാരണങ്ങളില്ലെങ്കിൽ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് യാത്ര അനുവദിക്കില്ല. വീടിനു പുറത്തിറങ്ങുന്നവർ ഇറങ്ങാനുള്ള കാരണം വെള്ളക്കടലാസിൽ എഴുതി സൂക്ഷിക്കണം. ഫ്രാൻസിൽ പാരിസിനു പുറമെ രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്ത മറ്റിടങ്ങളിലും നിയന്ത്രണം നടപ്പാക്കും. ദേശവ്യാപകമായി നിലനിൽക്കുന്ന കർഫ്യൂവും തുടരും.
24 മണിക്കൂറിനിടെ 35,000 കോവിഡ് ബാധിതരാണ് പുതുതായി രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഓരോ ദിനവും രോഗബാധ നിരക്ക് ഉയരുന്നത് ഫ്രാൻസിൽ കോവിഡ് മൂന്നാം തരംഗത്തിലേക്ക് സൂചന നൽകുന്നതായി പ്രധാനമന്ത്രി പറയുന്നു.
പാരിസിൽ രോഗം ബാധിച്ച് 1,200 ഓളം പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. രണ്ടാം തരംഗം കണ്ട നവംബറിലേതിനെക്കാൾ ഉയർന്ന നിരക്കാണിതെന്ന് സർക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.