അമേരിക്കയിൽ കുതിച്ചുയർന്ന് കോവിഡ്; തിങ്കളാഴ്ച 10 ലക്ഷത്തിലധികം പേർക്ക് രോഗബാധ
text_fieldsന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് വ്യാപനം അതിരൂക്ഷം. തിങ്കളാഴ്ച മാത്രം 10 ലക്ഷത്തിലധികം പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഒമിക്രോൺ വകഭേദം മൂലമുള്ള കേസുകളുടെ രൂക്ഷവ്യാപനം വരാനിരിക്കുന്നതേയുള്ളുവെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
തിങ്കളാഴ്ച 1,080,211 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ഒരു ദിവസം സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ ഏറ്റവും ഉയർന്ന കണക്കാണിതെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാല അധികൃതർ അറിയിച്ചു. ഒമിക്രോണിന്‍റെ വ്യാപനമാണ് കേസുകൾ കുതിച്ചുയരാൻ കാരണം. വരുംദിവസങ്ങളിൽ കേസുകളുടെ എണ്ണം കുത്തനെ ഉയരുമെന്ന് രാജ്യത്തെ മുതിർന്ന പകർച്ചാവ്യാധി ഉപദേശകൻ ആന്‍റണി ഫൗസി മുന്നറിയിപ്പ് നൽകി.
ആഴ്ചകൾകൊണ്ട് കേസുകൾ ഇരട്ടിയാകുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. അതേസമയം, കോവിഡിന്‍റെ തുടക്കത്തിൽനിന്ന് വിഭിന്നമായി ഇത്തവണ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കുറവാണ്. നാലുദിവസം മുമ്പ് രാജ്യത്ത് 590,000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞയാഴ്ച രാജ്യത്ത് 8,652 പേർ കോവിഡ് ബാധിച്ച് മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.