പ്രതിഷേധം കനക്കുന്നു; ശ്രീലങ്കയിൽ സമൂഹമാധ്യമങ്ങളും വിലക്കി
text_fieldsകൊളംബോ: സാമ്പത്തിക തകർച്ചയിലായ ശ്രീലങ്കയിൽ പ്രസിഡന്‍റിന്‍റെ രാജ്യ ആവശ്യപ്പെട്ട് നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് തടയിടാൻ സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തി. ശനിയാഴ്ച രാത്രി ഇറക്കിയ സർക്കാർ ഉത്തരവിലാണ് രാജ്യത്ത് ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി പറയുന്നത്.
തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനാണ് പുതിയ നീക്കമെന്നാണ് സർക്കാർ വാദം. ജനകീയ പ്രക്ഷോഭത്തെ ചെറുക്കാൻ രാജ്യത്ത് അടിയന്തരാവസ്ഥക്കു പിന്നാലെ രാജ്യവ്യാപക കർഫ്യൂവും പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് ആറു മുതൽ തിങ്കളാഴ്ച രാവിലെ ആറുവരെയാണ് കർഫ്യൂ. രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയതോടെയാണ് പ്രസിഡന്റ് ഗോടബയ രാജപക്സ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഞായറാഴ്ച സമൂഹമാധ്യമങ്ങളിലൂടെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കർഫ്യൂ നിലനിൽക്കുന്നതിനാൽ അനുമതിയില്ലാതെ ആരും പൊതുസ്ഥലങ്ങൾ സന്ദർശിക്കരുതെന്നും ക്രമസമാധാനം നിലനിർത്തേണ്ടത് അനിവാര്യമാണെന്നും പ്രസിഡന്‍റ് പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തിൽനിന്നുള്ള നിർദേശപ്രകാരം സമൂഹമാധ്യമങ്ങൾക്ക് താൽക്കാലികമായി വിലക്കേർപ്പെടുത്തിയതായി ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി കമീഷൻ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ജനം തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിന് തടയിടാനാണ് സമൂഹമാധ്യമങ്ങളെ വിലക്കിയത്.
അതേസമയം, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എല്ലാ പാർട്ടികളെയും ഉൾപ്പെടുത്തി സർക്കാർ രൂപവത്കരിക്കണമെന്ന് മുൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേന പ്രിസിഡന്‍റ് രാജപക്സയോട് ആവശ്യപ്പെട്ടു. പവർ കട്ടിൽ വലയുന്ന ശ്രീലങ്കയിലേക്ക് ഇന്ത്യ ശനിയാഴ്ച 40,000 മെട്രിക് ടൺ മണ്ണെണ്ണ കയറ്റി അയച്ചിരുന്നു. കൂടാതെ, സാമ്പത്തിക സഹായം വർധിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.