ഇസ്രായേൽ വിമർശനം; ഫലസ്തീൻ മോഡലിനെ പരസ്യത്തിൽനിന്ന് ഒഴിവാക്കി അഡിഡാസ്
text_fieldsബെർലിൻ: ഫലസ്തീനിലെ സുപ്രസിദ്ധ മോഡൽ ബെല്ല ഹദീദിനെ പരസ്യത്തിൽനിന്ന് ഒഴിവാക്കി അഡിഡാസ്. റെട്രോ എസ്.എൽ- 72 എന്ന ഷൂസിന്റെ പരസ്യത്തിൽനിന്നാണ് താരത്തെ ജർമൻ സ്പോർട്സ് ബ്രാൻഡായ അഡിഡാസ് ഒഴിവാക്കിയത്.
ജർമനിയിലെ ഇസ്രായേൽ എംബസി പ്രതിഷേധം ഉയർത്തിയതിനു പിന്നാലെയാണ് തീരുമാനം. 1972ലെ മ്യൂണിക്ക് ഒളിമ്പിക്സിനിടെ 11 ഇസ്രായേൽ അത്‍ലറ്റുകളെ ‘ഫലസ്തീൻ ബ്ലാക് സെപ്റ്റംബർ’ എന്ന ഗ്രൂപ്പ് ബന്ദിയാക്കിയിരുന്നു. ആ സംഭവം അടിസ്ഥാനമാക്കി അഡിഡാസ് രൂപകൽപന ചെയ്ത ഷൂ ആണ് റെട്രോ എസ്.എൽ 72. ഫലസ്തീൻ അവകാശങ്ങൾക്കുവേണ്ടിയും ഗസ്സക്കെതിരായുള്ള ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കുന്നതിനും വേണ്ടി ശബ്ദമുയർത്തുന്നുന്ന മോഡലാണ് ബെല്ല ഹദീദ്.
11 ഇസ്രായേലികളും ജർമ്മൻ പോലീസുകാരനും അഞ്ച് പലസ്തീൻ ആക്രമണകാരികളും 1972ലെ മ്യൂണിക്ക് ഒളിമ്പിക്സിനിടെയുണ്ടായ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. കാമ്പയ്‌നിന്റെ ബാക്കി ഭാഗങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന് അഡിഡാസ് വെള്ളിയാഴ്ച പറഞ്ഞു. ഫുട്ബോൾ താരം ജൂൾസ് കൗണ്ടെ, ഗായിക മെലിസ ബോൺ, മോഡൽ സബ്രീന ലാൻ എന്നിവരുൾപ്പെടെ പ്രശസ്ത താരങ്ങളുമായി റെട്രോ എസ്.എൽ 72 കാമ്പയിൻ തുടരും.
ബെല്ലയുടെ പിതാവ് ഫലസ്തീനിയാണ്. യുദ്ധസമയത്ത് നിരവധി ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ ഹദീദ് പങ്കെടുത്തിട്ടുണ്ട്, ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ‘വംശഹത്യ’ എന്നു ബെല്ല ഹദീദ് വിശേഷിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.