കിരീടധാരണ കൈയുറ സമ്മാനിച്ചത് ഇന്ദർജിത് സിങ് പ്രഭു
text_fieldsലണ്ടൻ: ചാൾസ് മൂന്നാമന്റെ കിരീടധാരണ ചടങ്ങിൽ ധരിച്ച കൈയുറ കൈമാറിയത് സിഖ് ശ്രേഷ്ഠനായ ലോർഡ് ഇന്ദർജിത് സിങ്. ബക്കിങ്ഹാം പാലസിൽനിന്ന് വെസ്റ്റ് മിനിസ്റ്റർ ആബിയിലേക്കുള്ള ഘോഷയാത്രയിൽ രാജാവിനെ അനുഗമിച്ച പ്രഭുക്കന്മാരിൽ ഒരാളായിരുന്നു 90കാരനായ ഇദ്ദേഹം. വെസ്റ്റ് മിനിസ്റ്റർ ആബി കത്തീഡ്രലിന്റെ അൾത്താരയിൽ എത്തിയാണ് ഇദ്ദേഹം കിരീടധാരണ ചടങ്ങുകളുടെ ഭാഗമായുള്ള കൈയുറ രാജാവിന് കൈമാറിയത്.
ജനങ്ങളുടെ സംരക്ഷണത്തിനും ആദരവിനുംവേണ്ടി രാജാവ് നിലകൊള്ളുന്നു എന്നതിന്റെ പ്രകടനമാണിത്. കൈയുറയിട്ട കൈയിലേന്തിയ രാജകീയ ചെങ്കോലിൽ അധികാരം നിലനിർത്തുന്നു എന്നതിന്റെ ഓർമപ്പെടുത്തൽ എന്ന നിലയിൽ മറ്റൊരർഥവും ഇതിനുണ്ട്.
വ്യക്തിപരമായി തനിക്കും ലോകമെമ്പാടുമുള്ള സിഖ് സമൂഹത്തിനും ലഭിച്ച അംഗീകാരമാണ് ഇതെന്ന് ഇന്ദർജിത് സിങ് പ്രഭു പറഞ്ഞു. മുസ്ലിം വിശ്വാസത്തെ പ്രതിനിധാനംചെയ്ത ഇന്തോ-ഗയാനീസ് പൈതൃകമുള്ള സയ്യിദ് കമാൽ പ്രഭു (56) ഒരു ജോടി ബ്രേസ്ലെറ്റും ഹിന്ദു വിശ്വാസത്തെ പ്രതിനിധാനംചെയ്ത നരേന്ദ്ര ബാബുഭായ് പട്ടേൽ (84) പരമാധികാര മോതിരവും കൈമാറി.
യഹൂദയായ ബറോണസ് ഗില്ലിയൻ മെറോൺ (64) ആണ് രാജകീയ മേലങ്കി വഹിച്ചത്. നെറ്റ്വർക്ക് ഓഫ് സിഖ് ഓർഗനൈസേഷൻസ് (എൻ.എസ്.ഒ) എന്ന കൂട്ടായ്മയുടെ സ്ഥാപകൻ കൂടിയായ ഇന്ദർജിത് സിങ് വർഷങ്ങളായി ചാൾസുമായി അടുപ്പം പുലർത്തുന്നയാളാണ്. മതസൗഹാർദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരുവരും നിരന്തരം ചർച്ചകൾ നടത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.