നിലക്കാതെ നിലവിളി; ഗസ്സയിൽ മരണം 19,453
text_fieldsഗസ്സ: വെടിനിർത്തൽ ചർച്ചകളും നയതന്ത്ര നീക്കങ്ങളും പുരോഗമിക്കുമ്പോൾ ഗസ്സയിൽ ആശുപത്രികളിലും താമസകേന്ദ്രങ്ങളിലും ചോരക്കളം തീർത്ത് ഇസ്രായേൽ സേന. ഞായർ, തിങ്കൾ ദിവസങ്ങളിലായി ജബലിയ, നുസൈറാത്ത് അഭയാർഥി ക്യാമ്പുകളിലും ശുജയ്യ, തൂഫ, ദറാജ് പ്രദേശങ്ങളിലെ വീടുകളിലും നടത്തിയ ബോംബാക്രമണത്തിൽ 135 പേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ അൽശിഫ ആശുപത്രിക്കു സമീപം 26 ഫലസ്തീനികളെ വെടിവെച്ചുകൊന്നു.
ഖാൻ യൂനുസിലെ നാസർ മെഡിക്കൽ കോംപ്ലക്സിനുനേരെ തീതുപ്പിയ ഇസ്രായേൽ ടാങ്കുകൾ പ്രസവശുശ്രൂഷ വിഭാഗം തകർത്തു. 13കാരി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിലെ മൊത്തം മരണം 19,453 ആയതായും 52,286 പേർക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. വെസ്റ്റ്ബാങ്കിലെ ഫറ അഭയാർഥി ക്യാമ്പിൽ നടത്തിയ വെടിവെപ്പിൽ നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടു.
അതേസമയം, ഖത്തറിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ വീണ്ടും സജീവമായി. അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ ഡയറക്ടർ ബിൽ ബേൺസും ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ തലവൻ ഡേവിഡ് ബെർണിയയും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായുള്ള ചർച്ചക്കായി പോളണ്ട് തലസ്ഥാനമായ വാഴ്സോയിലെത്തി.
അടിയന്തര വെടിനിർത്തലും സഹായമെത്തിക്കലും ആവശ്യപ്പെടുന്ന യു.എ.ഇയുടെ പ്രമേയം ഐക്യരാഷ്ട്രസഭ രക്ഷാസമിതി വീണ്ടും ചർച്ചക്കെടുക്കുന്നുണ്ട്.
വെടിനിർത്തൽ പ്രമേയം നേരത്തേ രണ്ടുതവണ യു.എസ് വീറ്റോ ചെയ്തിരുന്നു. ഫ്രാൻസ്, യു.കെ, ജർമനി എന്നീ രാജ്യങ്ങളും വെടിനിർത്തൽ ആവശ്യം ഉന്നയിക്കുന്നതിനാൽ ഇത്തവണ യു.എസ് നിലപാട് നിർണായകമാണ്.
ഹമാസ് ബന്ദികളാക്കിയ മൂന്നുപേർ ഇസ്രായേൽ സൈനികരുടെ വെടിയേറ്റ് അബദ്ധത്തിൽ കൊല്ലപ്പെട്ട സംഭവവും വെടിനിർത്തൽ ശ്രമങ്ങൾക്ക് ആക്കംകൂട്ടും. ഇസ്രായേൽ സന്ദർശനത്തിനെത്തിയ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഗസ്സയിലെ ആക്രമണത്തിന്റെ ശക്തി കുറക്കാൻ സമ്മർദം ചെലുത്തിയേക്കുമെന്ന സൂചനയുമുണ്ട്.
ഗസ്സയിലെ കാത്തലിക് ചർച്ചിൽ കടന്നുകയറിയ ഇസ്രായേലി സൈനികൻ നടത്തിയ വെടിവെപ്പിൽ അമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തെ ഇംഗ്ലണ്ടിലെ വെസ്റ്റ്മിൻസ്റ്റർ ആർച്ബിഷപ് കർദിനാൾ വിൻസെന്റ് നികോൾസും ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ ടാജനിയും അപലപിച്ചു. ഹൂതി ആക്രമണത്തെ തുടർന്ന് എണ്ണക്കമ്പനിയായ ബി.പി ചെങ്കടൽ വഴിയുള്ള ചരക്കുകപ്പൽ സർവിസ് നിർത്തിവെച്ചു. നോർവീജിയൻ എണ്ണക്കപ്പലിനുനേരെ കഴിഞ്ഞദിവസം ഹൂതികളുടെ ഡ്രോൺ ആക്രമണം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.