തുകയുടെ കോളത്തിൽ അക്കൗണ്ട് നമ്പർ അടിച്ചപ്പോൾ ട്രാൻസ്ഫറായത് 57 കോടി; അബദ്ധം പിണഞ്ഞ് സിംഗപ്പൂർ കമ്പനി
text_fieldsജീവനക്കാരന് സംഭവിച്ച വൻ അബദ്ധത്തെ തുടർന്ന് സിംഗപ്പൂർ ആസ്ഥാനമായുള്ള ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് സ്ഥാപനമായ ക്രിപ്റ്റോ.കോമിന് നഷ്ടമായത് 57 കോടി രൂപ (1.05 കോടി ആസ്ത്രേലിയൻ ഡോളർ). ആസ്ത്രേലിയയിലെ മെൽബണിലുള്ള ഒരു യുവതിയുടെ അക്കൗണ്ടിലേക്കാണ് ഈ തുക ട്രാൻസ്ഫറായത്. തുക തിരിച്ചുപിടിക്കാനുള്ള നടപടികളിലാണ് കമ്പനി.
100 ആസ്ത്രേലിയൻ ഡോളർ യുവതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനുണ്ടായിരുന്നു. എന്നാൽ, ജീവനക്കാരൻ തുക രേഖപ്പെടുത്താനുള്ള കോളത്തിൽ അബദ്ധത്തിൽ അക്കൗണ്ട് നമ്പർ രേഖപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് വൻ തുക കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫറായത്.
ഏഴ് മാസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. ഇക്കാര്യം സ്ഥാപനം അറിയുന്നത് ഈയടുത്ത് ഓഡിറ്റിങ് പൂർത്തിയാക്കിയപ്പോൾ മാത്രമാണ്. തുടർന്ന് കമ്പനി നിയമനടപടികൾക്കൊരുങ്ങുകയായിരുന്നു.
വൻകിട ധനകാര്യ സ്ഥാപനങ്ങൾക്ക് ട്രാൻസാക്ഷനുകളിലുണ്ടാകുന്ന അബദ്ധങ്ങൾ തിരുത്താൻ 'അൺഡു' സൗകര്യമുണ്ട്. എന്നാൽ, ഏഴ് മാസം മുമ്പ് നടന്ന ട്രാൻസാക്ഷനായതിനാൽ ഈ സൗകര്യം ലഭിച്ചില്ല.
വൻ തുക അക്കൗണ്ടിലെത്തിയ ആസ്ത്രേലിയൻ യുവതിയാകട്ടെ, അക്കൗണ്ടിലെത്തിയ പണത്തിൽ ഒരു പങ്ക് പലവിധത്തിൽ ചെലവഴിക്കുകയും ചെയ്തിരുന്നു. മെൽബണിൽ 13.5 ലക്ഷം ആസ്ത്രേലിയൻ ഡോളർ (7.34 കോടി) രൂപ ചെലവിട്ട് അഞ്ച് ബെഡ്റൂം ഫ്ലാറ്റ് ഉൾപ്പെടെ വാങ്ങിയിരുന്നു. ഇതുൾപ്പെടെ വിറ്റ് കിട്ടുന്ന പണം കമ്പനിക്ക് തിരികെ നൽകാനാണ് വിക്ടോറിയയിലെ കോടതി നിർദേശിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേസ് വീണ്ടും ഒക്ടോബറിൽ പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.