റഷ്യയുടെ നേതൃത്വത്തിലുള്ള സുരക്ഷാസേനാംഗങ്ങൾ കസാഖ്സ്ഥാനിൽ നിന്ന് പിൻവാങ്ങി തുടങ്ങി
text_fieldsഇന്ധന വിലവർധനക്കെതിരെ ജനകീയ പ്രക്ഷോഭമുണ്ടായ കസാഖ്സഥാനിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ വന്ന കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷന്റെ (CSTO) സുരക്ഷാ സേനാംഗങ്ങൾ വെള്ളിയാഴ്ച കസാഖ്സ്ഥാനിൽ നിന്ന് പിൻവാങ്ങി തുടങ്ങിയതായി റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക് റിപ്പോർട്ട് ചെയ്തു. അർമേനിയ , താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സേനാംഗങ്ങളാണ് ആദ്യ ഘട്ടത്തിൽ കസാഖ്സ്ഥാനിൽ നിന്ന് പിൻവാങ്ങിയത്.
അർമേനിയൻ സൈനികരെയും താജിക്ക് സൈനികരെയും വഹിച്ചുകൊണ്ട് അൽമാട്ടി വിമാനത്താവളത്തിൽ നാല് റഷ്യൻ ഐ.എൽ-76 സൈനിക വിമാനങ്ങൾ അവരവരുടെ രാജ്യങ്ങളിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. കിർഗിസ് സേനാംഗങ്ങൾ സൈനിക വാഹനങ്ങളിലാണ് കസാഖ്സ്ഥാനിൽ നിന്ന് മടങ്ങിയത്. വ്യാഴാഴ്ച ദൗത്യം അവസാനിപ്പിച്ചതായി സി.എസ്.ടി.ഒ പ്രഖ്യാപിക്കുകയും സുരക്ഷാ സേനയെ രാജ്യത്ത് നിന്ന് ഒഴിപ്പിക്കാൻ ശ്രമങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. കസാഖ്സ്ഥാനിലെ ജനകീയ പ്രക്ഷോഭം രൂക്ഷമായിരുന്ന 14 പ്രദേശങ്ങളിലും തീവ്രവാദ ഭീഷണി നേരിടുന്ന റെഡ് ലെവൽ നിർദേശങ്ങൾ റദ്ദാക്കിയതായി ദേശീയ സുരക്ഷാ സമിതി വ്യാഴാഴ്ച ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ജനകീയ പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്ന് കസാഖ്സ്ഥാൻ പ്രസിഡന്റ് ഖാസിം-ജോമാർത്ത് തൊഖേയേവിന്റെ അഭ്യർത്ഥന പ്രകാരമാണ് സുരക്ഷാ സേനാംഗങ്ങൾ കസാഖ്സ്ഥാനിലെത്തിയത്. പ്രതിഷേധക്കാരെ തീവ്രവാദികളായി ചിത്രീകരിച്ച് വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് തൊഖയേവ് സുരക്ഷാ സേനക്ക് നൽകിയിരുന്നു. ഇതുവരെ പ്രതിഷേധ പ്രകടനത്തിനിടെ രണ്ട് കുട്ടികൾപ്പടെ 164പേർ കൊല്ലപ്പെടുകയും 6000ലധികം ആളുകൾ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.