റോഹിങ്ക്യൻ അഭയാർഥികളുടെ ഭക്ഷ്യസഹായം വെട്ടിക്കുറക്കുന്നു
text_fieldsധാക്ക: വേൾഡ് ഫുഡ് പ്രോഗ്രാം ബംഗ്ലാദേശിലെ ക്യാമ്പുകളിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികൾക്കുള്ള ഭക്ഷ്യസഹായം വെട്ടിക്കുറക്കുന്നു. മാർച്ച് ഒന്നു മുതൽ 17 ശതമാനമാണ് വെട്ടിക്കുറക്കുക. ഇതോടെ ഒരാൾക്ക് ലഭിക്കുന്ന സഹായം 10 ഡോളറായി ചുരുങ്ങും. സംഭാവന കുറഞ്ഞതോടെയാണ് സഹായം വെട്ടിക്കുറക്കാൻ നിർബന്ധിതരായതെന്ന് ഡബ്ല്യു.എഫ്.പി അധികൃതർ പറഞ്ഞു. 12.5 കോടി ഡോളർ സംഭാവന ലഭിച്ചാലേ പദ്ധതി നല്ലരീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂവെന്ന് അധികൃതർ വ്യക്തമാക്കി.
റോഹിങ്ക്യൻ അഭയാർഥികൾ പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കുന്നവരാണ്. വേൾഡ് ഫുഡ് പ്രോഗ്രാം അടക്കമുള്ളവരുടെ സഹായം അവർക്ക് അൽപം ആശ്വാസം നൽകിയിരുന്നു. അവരുടെ ജീവിതം കൂടുതൽ ദുരിതത്തിലാകുന്ന സാഹചര്യമാണ് ഭക്ഷ്യസഹായം കുറക്കുന്നതോടെ സംഭവിക്കുകയെന്ന് ഐക്യരാഷ്ട്രസഭ പ്രതിനിധികളായ മിഖായേൽ ഫഖ്റി, ടോം ആൻഡ്ര്യൂസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
മ്യാന്മർ ഭരണകൂടത്തിന്റെ പീഡനം സഹിക്കാൻ കഴിയാതെ അഭയാർഥികളായി എത്തിയ ഏഴര ലക്ഷത്തോളം പേരാണ് ബംഗ്ലാദേശിലെ ക്യാമ്പുകളിൽ കഴിയുന്നത്. ഇതിൽ മൂന്നിലൊന്നും കുട്ടികളാണ്. പോഷകാഹാരം ലഭിക്കാതെ ശരീരഭാരം കുറഞ്ഞ് ദയനീയാവസ്ഥയിലാണ് ഇവരുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.