വ്യാപക സൈബർ ആക്രമണം; യുക്രെയ്നിലെ ബാങ്കുകളുടെയും സർക്കാർ ഓഫിസുകളുടെയും പ്രവർത്തനം താളംതെറ്റി
text_fieldsറഷ്യ ഏതുനിമിഷവും അധിനിവേശം നടത്താനുള്ള സാധ്യത നിലനിൽക്കേ യുക്രെയ്നിലെ ബാങ്കുകൾക്കും സർക്കാർ ഓഫിസുകൾക്കും നേരെ വ്യാപക സൈബർ ആക്രമണം. ആരോഗ്യം, സുരക്ഷ, വിദേശകാര്യം തുടങ്ങിയ വകുപ്പുകളിലെ ഓഫിസ് പ്രവർത്തനങ്ങൾ സൈബർ ആക്രമണം മൂലം ഓഫ് ലൈനിലേക്ക് മാറേണ്ടിവന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി ബാങ്കുകളുടെ പ്രവർത്തനവും തകരാറിലായി.
ഡി.ഡി.ഒ.എസ് എന്നറിയപ്പെടുന്ന സൈബർ ആക്രമണമാണ് യുക്രെയ്നിയൻ സ്ഥാപനങ്ങൾക്ക് നേരെ നടന്നത്. വെബ്സൈറ്റുകളിൽ സന്ദർശകർ ഒരേസമയം വൻതോതിൽ എത്തി പ്രവർത്തനം താറുമാറാക്കുന്ന രീതിയാണിത്.
സർക്കാർ ഏജൻസികൾക്കും ബാങ്കുകൾക്കും പ്രതിരോധ മേഖലയിലെ സ്ഥാപനങ്ങൾക്കും നേരെ സൈബർ ആക്രമണത്തിനുള്ള സാധ്യതയുണ്ടെന്ന് യുക്രെയ്നിയൻ അധികൃതർ ഈയാഴ്ച നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. യുക്രെയ്ൻ-റഷ്യ പ്രതിസന്ധി ആരംഭിച്ചതു മുതൽ യുക്രെയ്നെതിരെ പലപ്പോഴായി സൈബർ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. റഷ്യയാണ് സൈബർ ആക്രണങ്ങൾക്ക് പിന്നിലെന്ന് യു.എസും ബ്രിട്ടണും നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
യുദ്ധാന്തരീക്ഷത്തിന് ഒട്ടും അയവില്ലാത്ത സാഹചര്യത്തിൽ യുക്രെയ്ൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും. റഷ്യൻപട കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയിലേക്കു നീങ്ങുന്നതിനിടെ റഷ്യയിലെ മുഴുവൻ യുക്രെയ്നികളോടും അടിയന്തരമായി സ്വരാജ്യത്തേക്കു മടങ്ങാൻ യുക്രെയ്ൻ ആവശ്യപ്പെട്ടു. 30 ലക്ഷത്തോളം യുക്രെയ്നികളാണ് റഷ്യയിലുള്ളത്.
യുദ്ധസാധ്യത കണക്കിലെടുത്ത് 18-60 പ്രായക്കാരോട് സൈന്യത്തിൽ ചേരാൻ യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി ഉത്തരവിട്ടു. യുക്രെയ്നിൽനിന്ന് റഷ്യ നയതന്ത്രജ്ഞരെ പിൻവലിക്കാൻ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.