താണ്ഡവമാടി ഹെലിൻ ചുഴലിക്കാറ്റ്: യു.എസിൽ 100 പേർ മരിച്ചു, വൈദ്യുതിയില്ലാതെ വലഞ്ഞ് ജനം
text_fieldsഫ്ലോറിഡ: അമേരിക്കയിൽ താണ്ഡവമാടി ഹെലിൻ ചുഴലിക്കാറ്റ്. നോർത്ത് കരോലൈന, സൗത്ത് കരോലൈന, ജോർജിയ, ഫ്ലോറിഡ, ടെന്നസി, വിർജീനിയ എന്നിവിടങ്ങളിൽ വ്യാപക നാശം വിതച്ച ഹെലിൻ ഫ്ലോറിഡ മുതൽ വിർജീനിയ വരെ കനത്ത വെള്ളപ്പൊക്കത്തിനും കാരണമായി. മരണസംഖ്യ 100 ആയി ഉയർന്നതായും നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. ചുഴലിക്കാറ്റ് കാരണം നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കാനാകുമെന്നാണ് അധികൃതർ കരുതുന്നത്. ഹെലിൻ ചുഴലിക്കാറ്റ് 100 ബില്യൺ ഡോളർ വരെ നാശനഷ്ടങ്ങൾ വരുത്തിയിട്ടുമുണ്ട്. റോഡുകളും പാലങ്ങളും കൊടുങ്കാറ്റിൽ തകർന്നതിനാൽ ഗതാഗതം താറുമാറായി. നോർത്ത് കരോലൈന, സൗത്ത് കരോലൈന, ജോർജിയ, ഫ്ലോറിഡ, ടെന്നസി, വിർജീനിയ എന്നിവിടങ്ങളിൽ 90 പേരെങ്കിലും മരിച്ചതായി സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥരുടെ കണക്കുകൾ വ്യക്തമാക്കുന്നു.
സൗത്ത് കരോലിനയിൽ 25 പേരും ജോർജിയയിൽ 17 പേരും ഫ്ലോറിഡയിൽ 11 പേരും മരിച്ചതായി ആ സംസ്ഥാനങ്ങളിലെ ഗവർണർമാർ അറിയിച്ചു. മേഖലയിലുടനീളമുള്ള ടവറുകൾ തകർന്നതിനാൽ മൊബൈൽ ബന്ധം തകരാറിലായി. ജലസംവിധാനങ്ങൾ, വാർത്താവിനിമയം, ഗതാഗതമാർഗ്ഗങ്ങൾ എന്നിവയെ ദുരന്തം ബാധിച്ചതിനാൽ നാശനഷ്ടം 100 ബില്യൺ ഡോളറിലധികം വരുമെന്ന് കണക്കാക്കുന്നു.
നോർത്ത് കരോലൈനയിൽ കൂടുതൽ മരണങ്ങളും ബങ്കോംബ് കൗണ്ടിയിൽ ആയിരുന്നു. അവിടെ 30 പേർ മരിച്ചതായി പൊലീസ് ഓഫിസർ ക്വെന്റിൻ മില്ലർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആഷെവില്ലെയിലെ തെരുവുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങിയതായും റിപ്പോർട്ടുണ്ട്.
നോർത്ത് കരോലൈനയിലെ ഫ്ലാറ്റ് റോക്കിൽ വ്യാപകമായ വൈദ്യുതി മുടക്കം ഉണ്ടായി. ഏകദേശം 2.7 ദശലക്ഷം ഉപഭോക്താക്കൾക്ക് ഞായറാഴ്ച വൈദ്യുതി ലഭിച്ചില്ല. അതിനിടെ, പ്രസിഡന്റ് ജോ ബൈഡൻ ഈ ആഴ്ച ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഫ്ലോറിഡ, നോർത്ത് കരോലിന ടെന്നസി, സൗത്ത് കരോലൈന, ജോർജിയ, വിർജീനിയ, അലബാമ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.