ബംഗ്ലാദേശിലും മ്യാന്മറിലും നാശം വിതച്ച് മോഖ
text_fieldsധാക്ക: അതിശക്തമായ മോഖ ചുഴലിക്കൊടുങ്കാറ്റ് ബംഗ്ലാദേശിലും മ്യാന്മറിലും നാശം വിതച്ചു. കനത്ത മഴയും 195 കിലോമീറ്റർ വരെ വേഗതയുള്ള കൊടുങ്കാറ്റുമാണ് ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായത്.
ലോകത്തെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ കോക്സ് ബസാറിനെ കൊടുങ്കാറ്റ് മാരകമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 10 ലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികളാണ് ഇവിടെ കഴിയുന്നത്.ബംഗ്ലാദേശിൽ രണ്ടു ദശാബ്ദത്തിനിടെയുണ്ടാകുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് മോഖ. ഇതുവരെ അഞ്ചു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
മ്യാന്മറിലെ സിറ്റ്വേ നഗരത്തിൽ വൈദ്യുതിയും ഇന്റർനെറ്റ് സേവനവും മുടങ്ങി. ഇവിടെ കൂറ്റൻ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽനിന്ന് ജനങ്ങൾ സഹായത്തിനായി വിളിച്ചുകൊണ്ടിരിക്കുന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു. എന്നാൽ, സഹായമെത്തിക്കാൻ അങ്ങേയറ്റം ദുഷ്കരമായ സാഹചര്യമാണുള്ളതെന്നും അവർ പറഞ്ഞു.
യാംഗോൻ നഗരത്തിൽ കൊടുങ്കാറ്റിൽ ടെലികോം ടവർ നിലംപൊത്തി. വീടുകളുടെ മേൽക്കൂരകളും കെട്ടിടങ്ങളിൽ സ്ഥാപിച്ച പരസ്യ ബോർഡുകളും പറന്നുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. രാഖൈൻ സംസ്ഥാനത്ത് മരം വീണ് 14കാരൻ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മ്യാന്മറിന്റെ പലഭാഗത്തും കെട്ടിടങ്ങൾ തകർന്നു. പലസ്ഥലങ്ങളിലും മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു.
മുൻകരുതലെന്ന നിലയിൽ ധാക്കക്ക് സമീപമുള്ള വിമാനത്താവളങ്ങൾ അടച്ചു. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽനിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനായി 1500 താൽക്കാലിക കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.