സൈഫർ കേസ്: ഇമ്രാൻഖാനെ അറ്റോക്ക് ജയിലിൽ ചോദ്യം ചെയ്തു
text_fieldsഇസ്ലാമാബാദ്: അറ്റോക്ക് ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) ചെയർമാനുമായ ഇമ്രാൻഖാനെ സൈഫർ കേസിൽ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. അഴിമതിക്കേസിൽ മൂന്ന് വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ഇമ്രാൻഖാനെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിലെ തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥർ ശനിയാഴ്ച ജയിലിലെത്തി ചോദ്യം ചെയ്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യു.എസിലെ പാകിസ്താൻ എംബസിയിൽ നിന്നുള്ള സൈഫർ സന്ദേശം (രഹസ്യ നയതന്ത്ര കേബിൾ) പരസ്യമാക്കിയതിന് ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ചോദ്യം ചെയ്യൽ. അറ്റോക്ക് ജയിലിൽ ഒരു മണിക്കൂറോളം ചോദ്യം ചെയ്യുകയും കാണാതായ സൈഫർ കോപ്പിയെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു.
ഇതേ കേസിൽ തെഹ്രീകെ ഇൻസാഫ് വൈസ് ചെയര്‍മാനുമായ ഷാ മഹ്‌മൂദ് ഖുറേഷി ഒരാഴ്ച മുൻപ് അറസ്റ്റിലായിരുന്നു. ഇസ്ലാമാബാദിലെ വസതിയില്‍ വച്ചാണ് ഖുറേഷിയെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തത്.
സൈഫർ ദുരുപയോഗം ചെയ്യുന്നതിൽ ബോധപൂർവമായ പങ്കാളിത്തം ഇമ്രാൻ ഖാനും ഷാ മഹ്മൂദിനുമുണ്ട് എന്നാണ് അന്വേഷണ സംഘം കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.