പൊതുപരിപാടിയിൽ പങ്കെടുക്കാൻ രോഗം വരുത്തിവെച്ച വാക്സിൻ വിരോധിയായ ഗായിക കോവിഡ് ബാധിച്ച് മരിച്ചു
text_fieldsചെക്ക് റിപബ്ലിക്കിൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് മനപൂർവം കോവിഡ് രോഗം വരുത്തിവെച്ച വാക്സിൻ വിരോധിയായ ചെക്ക് ഗായിക അന്തരിച്ചു. 57കാരിയായ ഹന ഹോർക്കയാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ചെക്ക് റിപബ്ലിക്കിൽ പൊതു പരിപാടികളിൽ പങ്കെടുക്കാൻ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ അടുത്തിടെ കോവിഡ് വന്നു മാറിയതിന്റെ രേഖയോ വേണം. കടുത്ത വാക്സിൻ വിരോധിയായ ഹന അവ സ്വീകരിക്കാൻ തയാറാകാത്തെ കോവിഡ് രോഗം വരുത്തിവെക്കുകയായിരുന്നു. ഞായറാഴ്ച ഹന മരിച്ചതായി മകൻ ജാൻ റെക് അറിയിച്ചു.
ക്രിസ്മസിന് മുമ്പുതന്നെ ഭർത്താവും മകനും വാക്സിൻ സ്വീകരിച്ചിരുന്നു. എന്നാൽ അമ്മ വാക്സിൻ സ്വീകരിക്കാൻ തയാറായിരുന്നില്ലെന്ന് റെക് പബ്ലിക് റേഡിയോയിൽ പറഞ്ഞു. 'ഞങ്ങൾക്കൊപ്പം സാധാരണ ജീവിതം തുടരാനായിരുന്നു അമ്മയുടെ തീരുമാനം. അതിനായി വാക്സിൻ സ്വീകരിക്കുന്നതിനേക്കാൾ രോഗം പിടിപെടാൻ അവൾ ഇഷ്ടപ്പെട്ടു' -മകൻ പറഞ്ഞു.
താൻ കോവിഡിനെ അതീജീവിച്ചുവെന്നും അത് അൽപ്പം തീവ്രമായിരുന്നുവെന്നും മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഹന ട്വീറ്റ് ചെയ്തിരുന്നു. പൊതുപരിപാടികളിൽ പങ്കെടുക്കാനുള്ള ആഗ്രഹവും അവർ പ്രകടിപ്പിച്ചിരുന്നു.
അമ്മയുടെ മരണത്തിന് ഉത്തരവാദികൾ പ്രദേശത്തെ വാക്സിൻ വിരുദ്ധരാണെന്ന് റെക് കുറ്റപ്പെടുത്തി. അവർ നിരന്തരം അമ്മയിൽ വാക്സിൻ വിരുദ്ധത കുത്തിവെച്ചു. അവരുടെ കൈയിൽ രക്തം പുരണ്ടിട്ടുണ്ടെന്നും റെക് പറഞ്ഞു. സ്വന്തം കുടുംബത്തിന്റെ വാക്കിനേക്കാൾ അമ്മ മറ്റുള്ളവരെ വിശ്വസിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ചെക്ക് റിപബ്ലിക്കിൽ കലാപരിപാടികളിൽ പങ്കെടുക്കുന്നതിനും ഹോട്ടലുകളിലും ബാറുകളിലും പ്രവേശിക്കുന്നതിനും കടൽത്തീരത്ത് പോകണമെങ്കിലും വാക്സിൻ സ്വീകരിച്ചതിന്റെയോ, കോവിഡ് വന്നുപോയതിന്റെയോ രേഖ വേണം. ഒരു കോടിയിലധികം ജനസംഖ്യയുള്ള രാജ്യത്ത് ചൊവ്വാഴ്ച 2000 ത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.