'പാശ്ചാത്യ' സ്വാധീനം ഒഴിവാക്കാൻ ചൈനയിൽ ക്രിസ്മസ് ആഘോഷങ്ങൾ നിരോധിച്ചു
text_fieldsബീജിങ്: ക്രിസ്മസ് ആഘോഷിക്കരുതെന്ന് ജനങ്ങളോട് ഉത്തരവിട്ട് ചൈനീസ് സർക്കാർ. രാജ്യത്തിൻെറ വിവധയിടങ്ങളിൽ എല്ലാത്തരം ക്രിസ്മസ് ആഘോഷങ്ങൾക്കും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച നിർദേശങ്ങളടങ്ങിയ ഉത്തരവ് മാധ്യമങ്ങൾ പുറത്തുവിട്ടു.
ഡിസംബർ 20-ന് ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ മേഖലയിലെ നഗരത്തിലെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ രഹസ്യ രേഖയാണ് പുറത്തുവന്നത്. 'പരമ്പരാഗത ചൈനീസ് സംസ്കാരം പ്രചരിപ്പിക്കുക, പാശ്ചാത്യ ഉത്സവങ്ങൾ നിരോധിക്കുക' എന്ന തലക്കെട്ടിലുള്ള രേഖയാണ് പ്രചരിച്ചത്.
ക്രിസ്മസ്, ഹോളി നൈറ്റ് തുടങ്ങിയവ പാശ്ചാത്യ മതസംസ്‌കാരത്താൽ നിറഞ്ഞതാണ്. ചില രാജ്യങ്ങൾ ചൈനയിൽ തങ്ങളുടെ മൂല്യങ്ങളും ജീവിതരീതികളും പ്രചരിപ്പിക്കാൻ അവരുടെ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നു. ഇത് നമ്മുടെ യുവാക്കളെ ആകർഷിക്കുന്നു. ചിലർ ബിസിനസിന് വേണ്ടിയും ഇത് തുടരുന്നു. ഇത് നമ്മുടെ പരമ്പരാഗത സംസ്കാരത്തെ നശിപ്പിക്കുകയാണെന്നും നോട്ടിസിൽ പറയുന്നു.
ക്രിസ്മസ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ നിന്നും അധ്യാപകരെയും വിദ്യാർത്ഥികളെയും വിദ്യാഭ്യാസ വകുപ്പ് വിലക്കിയിട്ടുണ്ട്. ആരെങ്കിലും ക്രിസ്മസ് പരിപാടികൾ സംഘടിപ്പിച്ചാൽ അധികാരികളെ അറിയിക്കുന്നതിനും പരാതികൾ കൈകാര്യം ചെയ്യുന്നതിനുമായി സ്പെഷ്യൽ ഓഫീസറെയും വകുപ്പ് നിയോഗിച്ചിട്ടുണ്ട്. പള്ളികളിൽ സർക്കാർ അനുവദിച്ചിട്ടുള്ള ആഘോഷങ്ങൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ലെന്ന് രേഖയിൽ പറയുന്നു.
പാശ്ചാത്യ സംസ്കാരം, ഉത്സവങ്ങൾ എന്നിവ ആഘോഷിക്കുന്നത് കർശനമായി തടയാൻ ശ്രമമുണ്ടാകുമെന്നും മനുഷ്യാവകാശങ്ങൾക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന മാസികയായ ബിറ്റർ വിൻറർ റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.