കോപ്പൻഹേഗനിലെ ഇസ്രായേൽ എംബസിക്ക് സമീപനം സ്ഫോടനം; പൊലീസ് അന്വേഷണം തുടങ്ങി
text_fieldsകോപ്പൻഹേഗൻ: കോപ്പൻഹേഗനിലെ വടക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനമുണ്ടായതിൽ ഡാനിഷ് പൊലീസ് അന്വേഷണം തുടങ്ങി. റോയിറ്റേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും എന്നാൽ, വലിയ പൊട്ടിത്തെറിയാണുണ്ടായതെന്നും പൊലീസ് വക്താവ് പറഞ്ഞു.
ഇസ്രായേൽ എംബസിയുടെ തൊട്ടടുത്തുണ്ടായ സ്ഫോടനത്തെ അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ച് നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് കമീഷണർ ജേക്കബ് ഹാൻസെൻ പറഞ്ഞു. സുരക്ഷാസ്യൂട്ടുകൾ ധരിച്ച് പ്രദേശത്ത് നിന്ന് തെളിവെടുക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും അപകടവുമായി ബന്ധപ്പെട്ട് പുറത്ത് വന്നിട്ടുണ്ട്.
അതേസമയം, എംബസി ആക്രമണത്തിൽ പ്രതികരിക്കാൻ ഇസ്രായേൽ തയാറായിട്ടില്ല. മിഡിൽ ഈസ്റ്റിൽ സംഘർഷസാധ്യത രൂക്ഷമാകുന്ന സമയത്താണ് ഇസ്രായേൽ എംബസിക്ക് നേരെയും ആക്രമണമുണ്ടാവുന്നത്. പ്രദേശത്ത് മറ്റ് ചില രാജ്യങ്ങളുടെ എംബസികൾ കൂടി സ്ഥിതി ചെയ്യുന്നുണ്ട്.
നേരത്തെ തെൽ അവീവിനുനേരെ ഇറാൻ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു. 180ലധികം മിസൈലുകളാണ് ഇറാൻ അയച്ചത്. ഇസ്രായേലിനുനേരെ ഇറാൻ മിസൈൽ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകിയതിനു തൊട്ടുപിന്നാലെയാണ് ഇറാന്‍റെ അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.