ദാനിഷ് സിദ്ദീഖിയുടെ കൊലപാതകം: അന്വേഷണം വേണമെന്ന് യു.എൻ, കൊല്ലപ്പെട്ടത് എങ്ങനെയെന്ന് അറിയില്ലെന്ന് താലിബാൻ
text_fieldsലണ്ടൻ/ന്യൂയോർക്/കാബൂൾ: ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ദാനിഷ് സിദ്ദീഖിയുടെ കൊലപാതകത്തെക്കുറിച്ച് അഫ്ഗാനിസ്താൻ സർക്കാർ അന്വേഷിക്കണമെന്ന് ഐക്യരാഷ്ട്ര സഭ. രാജ്യത്തെ മാധ്യമപ്രവർത്തകർ എന്തുമാത്രം ഭീഷണി നേരിടുന്നുവെന്ന ഓർമപ്പെടുത്തലാണ് ഈ സംഭവമെന്നും മറ്റു മാധ്യമപ്രവർത്തകരുടെ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും അഫ്ഗാനിലെ യു.എൻ മിഷൻ ട്വീറ്റ് ചെയ്തു.
അതേസമയം, ദാനിഷ് സിദ്ദീഖി ആരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് അറിയില്ലെന്ന് താലിബാൻ. യുദ്ധമേഖലയിൽ എത്തുന്ന മാധ്യമപ്രവർത്തകർ തങ്ങളെ അറിയിക്കണമെന്ന് താലിബാൻ വക്താവ് സൈബുല്ല മുജാഹിദ് പറഞ്ഞു. അവർക്ക് സുരക്ഷയൊരുക്കും. ദാനിഷിെൻറ മരണത്തിൽ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിദ്ദീഖിയുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അഫ്ഗാനിസ്താനിലുള്ള മാധ്യമപ്രവർത്തകർക്ക് കൂടുതൽ സുരക്ഷയൊരുക്കണമെന്നും മാധ്യമപ്രവർത്തകരുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന രാജ്യാന്തര കൂട്ടായ്മയായ സി.പി.ജെ ആവശ്യപ്പെട്ടു.
അമേരിക്കൻ സേന പിന്മാറിയിട്ടും മാധ്യമപ്രവർത്തകർ അഫ്ഗാനിൽ തുടരുകയാണ്. അവർക്ക് വലിയ അപകട സാധ്യതയുണ്ടെന്ന് സി.പി.ജെ ഏഷ്യ പ്രോഗ്രാം കോഓഡിനേറ്റർ സ്റ്റീവൻ ബട്ലർ പറഞ്ഞു.
സിദ്ദീഖിയുടെ മരണം മാധ്യമലോകത്തിന് വൻ നഷ്ടമാണെന്ന് ഇൻറർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ) അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്താനിൽ ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ മാധ്യമപ്രവർത്തകനാണ് സിദ്ദീഖി. യു.എസ്, നാറ്റോ സേനകളുടെ പിന്മാറ്റത്തെ തുടർന്ന് അഫ്ഗാനിസ്താനിലെ മാധ്യമപ്രവർത്തകർ അവരുടെ സുരക്ഷയിൽ ആശങ്കയിലാണെന്ന് ഐ.പി.ഐ ഡെപ്യൂട്ടി ഡയറക്ടർ സ്കോട്ട് ഗ്രിഫൻ പറഞ്ഞു. ദാനിഷ് സിദ്ദീഖിയുടെ മരണം ഞെട്ടിക്കുന്നതാണെന്ന് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി വ്യക്തമാക്കി.
ഒരാഴ്ച കാന്തഹാറിൽ; തിരിച്ചുവരാതെ മടക്കം
ന്യൂഡൽഹി: കാന്തഹാറിൽ ഒരാഴ്ചയായി ദാനിഷ് സിദ്ദീഖി അഫ്ഗാനിസ്താൻ സൈനികരുടെ നീക്കം റിപ്പോർട്ട് ചെയ്യുകയായിരുന്നു. താലിബാൻ പിടിച്ചെടുത്ത സ്പിൻ ബോൾഡാക് പ്രദേശം തിരിച്ചുപിടിക്കാനാണ് അഫ്ഗാൻ സൈന്യം പോയത്. ഇവരോടൊപ്പമാണ് ദാനിഷുമുണ്ടായിരുന്നത്. എന്നാൽ, താലിബാൻ ആക്രമണത്തിൽ ദാനിഷും കേണൽ സിദ്ദീഖ് കർസായിയും മറ്റൊരു സൈനികനും കൊല്ലപ്പെട്ടു. കാന്തഹാർ നഗരത്തിൽനിന്ന് 100 മീറ്റർ അകലെ ദുരന്ത് ലൈനിന് സമീപം വാട് ഖാർ ഏരിയയിൽ അപ്രതീക്ഷിതമായിരുന്നു താലിബാെൻറ ആക്രമണം. പരിക്കേറ്റവരെ സൈന്യം ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവർ മരണത്തിന് കീഴടങ്ങിയിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കും
ന്യൂഡൽഹി: ദാനിഷ് സിദ്ദീഖിയുടെ മൃതേദഹം എത്തുന്നതും കാത്ത് കുടുംബവും സുഹൃത്തുക്കളും. താലിബാൻ, റെഡ്ക്രോസിന് കൈമാറിയ മൃതദേഹം ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെത്തിക്കുമെന്നാണ് കരുതുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇന്ത്യയിലെ അഫ്ഗാൻ എംബസിയും കാബൂളിലെ ഇന്ത്യൻ എംബസിയും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.