വൈവിധ്യത്തിന്റെ സൗന്ദര്യം അറിയാന്‍ ശ്രമിക്കൂ; തന്റെ മാതാവ് അടക്കം 51 പേരെ കൊലപ്പെടുത്തിയയാളോട് പെണ്‍കുട്ടി
text_fieldsവെല്ലിങ്ടണ്‍: വൈവിധ്യത്തിന്റെ സൗന്ദര്യം അറിയാന്‍ ശ്രമിക്കൂവെന്ന് ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളികളില്‍ ഭീകരാക്രമണം നടത്തി തന്റെ മാതാവ് അടക്കം 51 പേരെ കൊലപ്പെടുത്തിയ വംശീയവാദിയായ പ്രതിയോട് പെണ്‍കുട്ടി. 2019ല്‍ ക്രൈസ്റ്റ്ചര്‍ച്ച് നഗരത്തിലെ അല്‍നൂര്‍ മസ്ജിദ്, ഇസ്ലാമിക് സെന്റര്‍ എന്നീ മസ്ജിദുകള്‍ ആക്രമിച്ച 29കാരന്‍ ടെറന്റിന്റെ ശിക്ഷാ വിചാരണയുടെ രണ്ടാം ദിവസമാണ് കൊല്ലപ്പെട്ട ലിന്‍ഡ ആംസ്‌ട്രോങ്ങിന്റെ മകള്‍ ഏഞ്ചല ആംസ്‌ട്രോങ് കോടതിയില്‍ സംസാരിച്ചത്.
എന്റെ മാതാവിനെയും അവരുടെ സ്‌നേഹത്തെയും ശക്തിയെയും നിങ്ങള്‍ കൊള്ളയടിച്ചു. സ്വന്തം മാതാവിന്റെ ആലിംഗനത്തിന്റെ സ്‌നേഹവും ഊഷ്മളതയും നിങ്ങളും ഇനി ഒരിക്കലും അനുഭവിക്കില്ല. എനിക്ക് നിങ്ങളുടെ മാതാവിനോട് സഹതാപമുണ്ട്, പക്ഷേ നിങ്ങളോട് ഒരു തരിമ്പും ഇല്ല. നിങ്ങള്‍ ഒന്നുമല്ല -ഏഞ്ചല കോടതിയില്‍ പറഞ്ഞു.
നിങ്ങള്‍ തടവറയില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ എന്റെ മാതാവ് സ്വതന്ത്രയാണ്. നിങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ച വൈവിധ്യത്തിലും സ്വാതന്ത്ര്യത്തിലും ഉള്ള സൗന്ദര്യവും ജീവിതവും പഠിക്കാന്‍ ശേഷിക്കുന്ന ആയുസ്സ് ഉപയോഗിക്കുക -അവള്‍ പറഞ്ഞു.
ഭീകരാക്രമണത്തില്‍ നാലു ദിവസത്തെ ശിക്ഷാ വിചാരണയാണ് ഇപ്പോള്‍ ന്യൂസിലാന്‍ഡ് കോടതിയില്‍ നടക്കുന്നത്. ടെറന്റ് കൊലപ്പെടുത്തിയവരുടെ ബന്ധുക്കള്‍ക്ക് നടപടികള്‍ വീക്ഷിക്കാന്‍ വിവിധ കോടതികളില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
അഭിഭാഷകരെ ഒഴിവാക്കി സ്വയം വാദിക്കുകയാണ് ടെറന്റ്. കഴിയുന്നത്ര മുസ്ലിംകളെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ഒരു മുസ്ലിം പള്ളി കൂടി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നെന്നും പ്രതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വര്‍ഷത്തോളം ആക്രമണത്തിനായി പദ്ധതി തയാറാക്കി ഒരുക്കം നടത്തിയെന്നും ഇയാള്‍ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.
പരോളില്ലാതെ ജീവിതകാലം മുഴുവന്‍ തടവുശിക്ഷ ഇയാള്‍ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കോടതിമുറിയില്‍ നിന്ന് തത്സമയ റിപ്പോര്‍ട്ടിങ് നിരോധിച്ചതടക്കം മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.