യുക്രെയ്നിൽ പിന്മടക്കത്തിന്റെ നാളുകൾ; പുടിനു മുന്നിൽ ഇനിയെന്ത്?
text_fieldsതുടക്കത്തിൽ പുറത്തെടുത്ത ശൗര്യം മറന്ന് റഷ്യൻ സേന യുക്രെയ്നിൽനിന്ന് തിരിച്ചോടുന്ന തിരക്കിലാണ്. അധിനിവേശം തുടങ്ങി അധികമാകുംമുമ്പേ റഷ്യ പിടിച്ചടക്കിയ ഖാർകിവിൽ കഴിഞ്ഞ ദിവസം വീണ്ടും യുക്രെയ്ൻ പതാക ഉയർന്നു. ഖാർകിവിനോടു ചേർന്നുള്ള വോവ്ചാൻസ്ക്, ഇസിയം, കുപിയാൻസ്ക്, ബലാക്ലിയ പട്ടണങ്ങളെല്ലാം തിരിച്ചുപിടിച്ചുകഴിഞ്ഞു. ഇപ്പോഴും റഷ്യയുടേതായി തുടരുന്ന ഖാർകിവ് നഗരമധ്യത്തിൽനിന്നു സൈനികർ അതിവേഗം പിൻവാങ്ങുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
റഷ്യൻ നിയന്ത്രണത്തിലുള്ള മറ്റൊരു പ്രധാന പട്ടണമായ ഖേഴ്സൺ പിടിക്കാനും യുക്രെയ്ൻ പ്രത്യാക്രമണം ആരംഭിച്ചുകഴിഞ്ഞു. ക്രിമിയക്കു സമാനമായി റഷ്യയുടെ ഭാഗമാക്കാൻ ശ്രമം നടന്ന നഗരമാണ് ഖേഴ്സൺ. ഇവിടെയും വൈകാതെ പിന്മാറ്റമുണ്ടാകുമെന്നാണ് സൂചന. കിഴക്കൻ മേഖലയിൽ പുടിൻ സേന പിടിച്ച ലുഹാൻസ്കിലെ പ്രധാന പട്ടണമായ ക്രമിന്നയിൽ യുക്രെയ്ൻ പതാക ഉയർന്നുകഴിഞ്ഞു. മേഖലയിൽ മറ്റിടങ്ങളിലും സമാനമാണ് കാര്യങ്ങൾ. അതിർത്തി പങ്കിട്ടൊഴുകുന്ന ഓസ്കിൽ പുഴയുടെ 16 കിലോമീറ്റർ അകലെ വരെയായി കുറഞ്ഞു, റഷ്യൻ സൈനികസാന്നിധ്യം.
റഷ്യൻ മിസൈലുകളും റോക്കറ്റുകളും ഇപ്പോഴും തീ തുപ്പുന്നുണ്ടെങ്കിലും യുക്രെയ്ൻ സൈനികരിലും നേതാക്കളിലും തിരിച്ചുവരവിന്റെ പ്രതീക്ഷയാണ്. പാശ്ചാത്യ രാജ്യങ്ങൾ കനിഞ്ഞുനൽകിയ ശതകോടികളുടെ ആയുധങ്ങളാണ് രാജ്യത്തെ ആറു മാസം കഴിഞ്ഞും അതിജീവനത്തിന്റെ വഴിയിൽ നിർത്തുന്നത്. ആയുധങ്ങൾ ഇപ്പോഴും ഒഴുകുകയാണ്. 6000 ചതുരശ്ര കിലോമീറ്റർ റഷ്യയിൽനിന്ന് തിരിച്ചുപിടിച്ചതായി കഴിഞ്ഞ ദിവസം പ്രസിഡന്റ് സെലൻസ്കി പ്രഖ്യാപിച്ചിരുന്നു. പലയിടങ്ങളിലും ആയുധങ്ങളും കവചിതവാഹനങ്ങളും വരെ ഇട്ടേച്ചാണ് റഷ്യൻ സേനാപിന്മാറ്റം. ആക്രമണം യുക്രെയ്നിലാണെങ്കിലും ഒരു വശത്ത് റഷ്യയും മറുവശത്ത് പാശ്ചാത്യ രാജ്യങ്ങളും എന്നതാണ് നിലവിലെ സ്ഥിതി.
കാര്യങ്ങൾ കൈവിട്ടുപോയ സാഹചര്യത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനു മുന്നിലെ പോംവഴി എന്താകുമെന്നാണ് ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നത്. മാസങ്ങൾ നീണ്ട അധിനിവേശത്തിൽ യുക്രെയ്നിലെ നിരവധി മേഖലകൾ പ്രേതനഗരങ്ങൾക്കു സമാനമാണ്. തുല്യതയില്ലാത്ത നാശനഷ്ടങ്ങൾക്കു പുറമെ അഭയാർഥികളായ ദശലക്ഷങ്ങൾകൂടിയാകുമ്പോൾ പഴയതിലേക്ക് തിരിച്ചുവരവിന് സമയമേറെ വേണമെന്നുറപ്പ്.
അറ്റകൈയെന്ന നിലക്ക് വലിയ ആയുധങ്ങൾ പ്രയോഗിക്കാൻ റഷ്യ തിടുക്കംകാട്ടുമോ എന്നാണ് ഭീതി. ആണവായുധ പ്രയോഗസാധ്യത വരെ കൽപിക്കുന്നു ചില വിദഗ്ധർ. എന്നാൽ, ലോകം മൊത്തത്തിൽ രംഗത്തെത്തുമെന്നതിനാൽ അതിന് മുതിരില്ലെന്നുതന്നെയാണ് കണക്കുകൂട്ടൽ. യുക്രെയ്നെ സാമ്പത്തികമായി ഇനിയും തളർത്താനുള്ള നടപടികളും ഉണ്ടായേക്കില്ല.റഷ്യയിൽ പുടിൻ ഇപ്പോഴും ജനപ്രിയനാണ്. യുക്രെയ്ൻ അധിനിവേശത്തിനും ജനപിന്തുണയുണ്ട്. എന്നാൽ, ചെച്ൻ നേതാവ് റംസാൻ ഖദീറോവ് ഉൾപ്പെടെ വിമർശനവുമായി എത്തിയ നേതാക്കൾ മറുവശത്തുണ്ട്. നിലവിൽ സജീവമായി സേവനരംഗത്തുള്ള എട്ടു ലക്ഷത്തിലേറെ സൈനികരാണ് റഷ്യക്കുള്ളത്.
ഇവരെ വലിയതോതിൽ യുക്രെയ്നിലേക്ക് അയക്കൽ പ്രയാസമാണ്. കഴിഞ്ഞ മാസം റഷ്യൻ സൈനികരുടെ എണ്ണം ഒന്നര ലക്ഷത്തോളം ഉയർത്താനുള്ള ഉത്തരവ് പുടിൻ പുറപ്പെടുവിച്ചിരുന്നു. ഇതും യുക്രെയ്നിൽ പ്രയോജനപ്പെടുമോയെന്നറിയില്ല. താൽക്കാലിക ചുമതലയുള്ള സൈനികരെ വിന്യസിക്കുന്നതും പരിഗണനയിലുണ്ട്.അതിനിടെ, സന്ധിചർച്ചകൾക്ക് തയാറാണെന്ന് കഴിഞ്ഞ ദിവസം റഷ്യൻ വിദേശകാര്യ മന്ത്രി അറിയിച്ചിരുന്നു. കൂടുതൽ പരിക്കില്ലാതെ ആക്രമണം അവസാനിപ്പിച്ചു മടങ്ങാൻ റഷ്യ ഒരുക്കമാണെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.