അൽശിഫ വളപ്പിൽനിന്ന് മൃതദേഹങ്ങളും കടത്തി; ഇസ്രായേലിന്റേത് ക്രൂരമായ യുദ്ധക്കുറ്റമെന്ന് ഹമാസ്
text_fieldsഗസ്സ: അൽശിഫ ആശുപത്രി വളപ്പിൽ സംസ്കരിച്ച മൃതദേഹങ്ങൾ ഇസ്രായേൽ സേന എക്സ്കവേറ്റർ ഉപയോഗിച്ച് മാന്തി പുറത്തെടുത്ത് കടത്തിയതായി ഗസ്സ മീഡിയ ഓഫിസ് വക്താവ് ഇസ്മായിൽ അൽ തവാബ്ത. സൈനിക ഉപരോധംമൂലം പുറത്തേക്കു മാറ്റാൻ അനുവദിക്കാതിരുന്നതിനെ തുടർന്നാണ് കൂട്ടക്കുഴിമാടമെടുത്ത് ആശുപത്രിവളപ്പിൽതന്നെ സംസ്കരിക്കേണ്ടിവന്നത്.
അൽശിഫ ആശുപത്രിയിൽ ഇസ്രായേൽ നടത്തിയത് ക്രൂരമായ യുദ്ധക്കുറ്റമാണെന്ന് ഹമാസ് വക്താവ് ഉസാമ ഹംദാൻ പറഞ്ഞു. സ്കൂളുകൾക്കും ആശുപത്രികൾക്കും ബോംബിടുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്കെതിരാണ്. അൽശിഫയിൽ ഹമാസിന്റെ സൈനികകേന്ദ്രമുണ്ടെന്ന കള്ളപ്രചാരണത്തിന്റെ മുനയൊടിഞ്ഞു.
തെക്കൻ ഗസ്സ സുരക്ഷിതമാണെന്ന ഇസ്രായേലിന്റെ ഉറപ്പും പാഴായി. മരിച്ചവരിൽ 43 ശതമാനവും തെക്കൻ ഗസ്സയിൽനിന്നുള്ളവരാണ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അറിവോടെയാണ് ഇസ്രായേലിന്റെ വംശഹത്യ.
ക്രൂരമായ ആക്രമണം നടന്നിട്ടും അന്താരാഷ്ട്ര സമൂഹത്തിന്റെ നിസ്സംഗതയും ചോദ്യംചെയ്യപ്പെടുകയാണ്. ഗസ്സയിൽനിന്ന് ആളുകളെ ആട്ടിയകറ്റുകയെന്ന ലക്ഷ്യത്തോടെ ലോകത്തെ ഏറ്റവും ഭീകരസംഘമായ ഇസ്രായേൽ സേന കൂട്ടക്കൊലയും പട്ടിണിക്കിടലും തുടരുകയാണ്.
ആവശ്യമുള്ളതിന്റെ 10 ശതമാനം ഭക്ഷ്യവസ്തുക്കൾ മാത്രമാണ് ഗസ്സയിലെത്തുന്നത്. ഗസ്സയുടെ ഭാവി ഫലസ്തീനികൾ തീരുമാനിക്കുമെന്ന നിലപാട് ആവർത്തിക്കുന്നു. ആഗോള പ്രതിഷേധവും ഇസ്രായേൽ ഉൽപന്ന ബഹിഷ്‍കരണവും തുടരണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.