നോർത്ത് മാസിഡോണിയയിൽ നൈറ്റ് ക്ലബിൽ തീപ്പിടിത്തം; 51 പേർക്ക് ദാരുണാന്ത്യം
text_fieldsലണ്ടൻ: നോർത്ത് മാസിഡോണിയയിലെ നൈറ്റ് ക്ലബിലുണ്ടായ തീപ്പിടിത്തത്തിൽ 51 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
തലസ്ഥാന നഗരമായ സ്കോപ്ജേയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള കോക്കാനി എന്ന പട്ടണത്തിൽ പ്രവർത്തിച്ചിരുന്ന നൈറ്റ് ക്ലബിലാണ് അപകടമുണ്ടായത്.
സംഗീത പരിപാടിക്കിടെ ഉപയോഗിച്ച 'പൈറോടെക്നിക്' ഉപകരണങ്ങൾ മൂലമാണ് തീപിടിത്തമുണ്ടായതെന്ന് ആഭ്യന്തര മന്ത്രി പാൻസ് ടോസ്കോവ്സ്കി പറഞ്ഞു. ഹിപ് ഹോപ് ബാൻഡ് ആയ ഡി.എൻ.കെയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയായിരുന്നു തീപ്പിടിത്തം. പുറത്തുവന്ന വിഡിയോകളിലും സ്റ്റേജിൽനിന്ന് ആകാശത്തേക്ക് തീപ്പൊരികൾ വിട്ടിരുന്നതായി കാണാം. ഇവയാണ് തീപിടത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഗുരുതരമായ പൊള്ളലേറ്റ 27 പേരെ സ്കോപ്ജെ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 23 പേർ ക്ലിനിക്കൽ സെന്ററിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ പ്രായപൂർത്തിയാകാത്തവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.