ശൈഖ് ഹസീന വധശ്രമം: 14 പേർക്ക് വധശിക്ഷ
text_fieldsധാക്ക: 2000ത്തിൽ പ്രധാനമന്ത്രി ശൈഖ് ഹസീനയെ വധിക്കാൻ ശ്രമിച്ചതിന് 14 തീവ്രവാദികൾക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചു. ബംഗ്ലാദേശ് നിയമപ്രകാരം വധശിക്ഷ ഹൈകോടതി അംഗീകരിക്കേണ്ടതുണ്ട്.
കുറ്റവാളികൾക്ക് അപ്പീൽ നൽകാനും അനുവാദമുണ്ട്. 2000 ജൂലൈയിൽ തെക്കുപടിഞ്ഞാറൻ ഗോപാൽഗഞ്ച് ജില്ലയിലെ കൊട്ടോളിപാറ പ്രദേശത്തെ ഒരു മണ്ഡലത്തിനു സമീപം തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനെത്തിയ ശൈഖ് ഹസീനയുടെ ഹെലികോപ്റ്റർ ലാൻഡുചെയ്യുന്ന സ്ഥലത്ത് സ്ഫോടകവസ്തു ശേഖരം കണ്ടെത്തുകയായിരുന്നു. ഹർകത്തുൽ ജിഹാദി ബംഗ്ലാദേശ് (ഹുജി ബി )എന്ന തീവ്രവാദി സംഘമായിരുന്നു കൊലപാതകശ്രമത്തിനു പിന്നിൽ.
മുഖ്യ സൂത്രധാരൻ എന്നുകരുതിയിരുന്ന ഹുജി ബി മേധാവി മുഫ്തി അബ്ദുൽ ഹന്നാനെ കേസിൽ പ്രതിചേർത്തിരുന്നെങ്കിലും 2017ൽ വധിക്കപ്പെട്ടതിനാൽ പേര് വിചാരണയിൽനിന്ന് ഒഴിവാക്കി. ശൈഖ് ഹസീന നിരവധി കൊലപാതകശ്രമങ്ങളെ അതിജയിച്ച പ്രധാനമന്ത്രിയാണ്. 2004ൽ ഭീകരവിരുദ്ധ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ ഗ്രനേഡ് ആക്രമണത്തിൽ ഹസീന അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. 24 പേർ കൊല്ലപ്പെടുകയും 500 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമായിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.