ഗസ്സയിലെ ഇസ്രായേൽ ഭീകരത: 38 മരണം, 220ലേറെ പേർക്ക് പരിക്ക്
text_fieldsടെൽ അവീവ്: ഫലസ്തീനിൽ മസ്ജിദുൽ അഖ്സയിലും ജറൂസലമിലും തുടരുന്ന പൊലീസ് ഭീകരതക്കൊപ്പം ഗസ്സയെയും ചോരയിൽ മുക്കി ഇസ്രായേൽ. ചുറ്റും ഉപരോധവലയിൽ കഴിയുന്ന ഗസ്സയിൽ തുടരുന്ന വ്യോമാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 12 കുട്ടികളുൾപെടെ 38 ആയി. 250 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 2014നു ശേഷം ഗസ്സയിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണത്തിൽ ഗസ്സയിലെ ബഹുനില ജനവാസ കെട്ടിടം പൂർണമായി തകർത്തു. അപ്പാർട്ട്മെന്റുകൾക്ക് പുറമെ മെഡിക്കൽ ഉൽപാദന സ്ഥാപനങ്ങൾ, ഡെന്‍റൽ ക്ലിനിക് എന്നിവയും പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർത്തത്. സമാനമായി, ഹമാസ് ഉേദ്യാഗസ്ഥരുടെ വീടുകളും ഓഫീസുകളും പ്രവർത്തിച്ച 13 നില കെട്ടിടവും ഇസ്രായേൽ ബോംബിട്ടുതകർത്തു. നിരവധി മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകളും ഇവിടെ പ്രവർത്തിച്ചിരുന്നു.
ഹെബ്രോണിൽ ഫലസ്തീനികൾ താമസിച്ചുവന്ന അൽഫവാർ അഭയാർഥി ക്യാമ്പും ഇസ്രായേൽ തകർത്തു. ബുധനാഴ്ച രാവിലെയും ഗസ്സക്കു മേൽ ഇസ്രായേൽ ബോംബറുകൾ ആക്രമണം തുടരുകയാണ്. ആക്രമണങ്ങളിൽ ഹമാസ് രഹസ്യാന്വേഷണ വിഭാഗം മേധാവി ഹസൻ കഓഗി, മുതിർന്ന ഉദ്യോഗസ്ഥൻ വാഇൽ ഇസ്സ എന്നിവരെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു.
ഹമാസ് ഇസ്രായേലിൽ നടത്തിയ റോക്കറ്റാക്രമണത്തിൽ മൂന്നു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു പേർ മരിച്ചതായി ഇസ്രായേലി പത്രം ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു. ഒരു കുട്ടിയും കൊല്ലപ്പെട്ടിട്ടുണ്ട്. തിരിച്ചടി തുടരുമെന്ന് ഹമാസും അറിയിച്ചു.
ജറൂസലമിൽ ദിവസങ്ങളായി ഇസ്രായേൽ പൊലീസ് തുടരുന്ന ഭീകരതയിൽ ഇതുവരെ 700ലേറെ ഫലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്. മസ്ജിദുൽ അഖ്സയിൽ കടന്നുകയറി വ്യാപകമായി ആക്രമണം തുടരുന്നതിൽ ലോകമെങ്ങും പ്രതിഷേധം ശക്തമാണെങ്കിലും അവസാനിപ്പിക്കാനില്ലെന്ന നിലപാടിലാണ് ഇസ്രായേൽ. ദിവസങ്ങൾക്കിടെ ആറു തവണയാണ് ഇസ്രയേൽ പൊലീസ് മസ്ജിദിനകത്തുകയറി വിശ്വാസികൾക്കു നേരെ അതിക്രമം നടത്തിയത്. റമദാൻ 27ന് ലൈലതുൽ ഖദ്ർ പ്രതീക്ഷിച്ച് ഒത്തുകൂടിയ വിശ്വാസികൾക്കു നേരെയും അതിക്രമമുണ്ടായി.
മസ്ജിദുൽ അഖ്സയോടു ചേർന്നുള്ള ശൈഖ് ജർറാഹ് പ്രദേശത്ത് ജൂത കുടിയേറ്റ വീടുകളും പാർക്കുകളും നിർമിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി താമസക്കാരായ ഫലസ്തീനികളെ കുടിയിറക്കുന്നതിൽ പ്രതിഷേധിച്ചാണ് പള്ളിയിൽ താമസക്കാരും അവരെ അനുകൂലിക്കുന്നവരും ഒരുമിച്ചുകൂടിയത്. പള്ളിക്കു നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാതെ റോക്കറ്റാക്രമണം അവസാനിപ്പിക്കില്ലെന്ന് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ പറഞ്ഞു. തിങ്കളാഴ്ച ഹമാസ് ഇസ്രായേലിന് അന്ത്യശാസനം നൽകിയിരുന്നു. മസ്ജിദുൽ അഖ്സയിലെ പൊലീസ് സാന്നിധ്യം അവസാനിപ്പിച്ചില്ലെങ്കിൽ ആക്രമണമുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. സമയം അവസാനിച്ചിട്ടും പൊലീസ് നടപടികൾ അവസാനികാതെ വന്നതോടെ ഗസ്സയിൽ നിന്ന് റോക്കറ്റാക്രമണം നടത്തുകയായിരുന്നു.
അതിനിടെ, ഭരണകൂടം നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ഇസ്രായേലിനകത്തും പ്രതിഷേധം ശക്തമായത് നെതന്യാഹു സർക്കാറിന് ഭീഷണിയായിട്ടുണ്ട്. ഫലസ്തീനികൾ താമസിക്കുന്ന ലോദ് ഉൾപെടെ പ്രദേശങ്ങളിൽ ഇസ്രായേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണം അവസാനിപ്പിക്കണമെന്ന് ലോക രാഷ്ട്രങ്ങൾ ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രായേൽ ഭീകരതക്കെതിരെ ശക്തമായി രംഗത്തുവരണമെന്ന് ഹമാസ് ഫലസ്തീനികളോട് ആവശ്യപ്പെട്ടു.
എന്നാൽ, ഗസ്സയിൽ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു പറഞ്ഞു. ആക്രമണത്തിനായി 80 യുദ്ധവിമാനങ്ങളും ടാങ്കുകളും വിന്യസിച്ചതിനു പുറമെ കാലാൾപടയുടെ അധിക സേവനവും ലഭ്യമാക്കിയതായി ഇസ്രായേൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.