ഗസ്സയിൽ ക്രൂരതക്ക് അറുതിയില്ല; 44,000 കടന്ന് മരണസംഖ്യ
text_fieldsഗസ്സ സിറ്റി: ഗസ്സയിൽ 13 മാസമായി ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 44,000 കവിഞ്ഞു. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 44,056 പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേരുടെ മൃതദേഹം പുറത്തെടുക്കാൻ കഴിയാതെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങുക്കിടക്കുന്നതിനാൽ യഥാർഥ മരണസംഖ്യ ഇതിലും കൂടുതലാവുമെന്നാണ് വിവരം.
104,268 പേർക്ക് പരിക്കേറ്റു. ഇസ്രായേൽ ആക്രമണത്തിൽ ഗസ്സ പൂർണമായും തകർന്നിരിക്കുകയാണ്. 23 ലക്ഷം ജനങ്ങളാണ് പലതവണ കുടിയിറക്കപ്പെടുകയും പലായനം ചെയ്ത് ടെന്റുകളിൽ കഴിയുകയും ചെയ്യുന്നത്. ഇവർക്കുള്ള മാനുഷിക സഹായം പോലും ഇസ്രായേൽ സൈന്യം തടഞ്ഞിരിക്കുകയാണ്.
ഏറ്റവുമൊടുവിൽ ഗസ്സ മുനമ്പിന്റെ വിവിധ ഭാഗങ്ങളിൽ ഉറങ്ങിക്കിടക്കുന്ന കുട്ടികളടക്കം 90 ഓളം പേരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ച ബൈത് ലാഹിയയിലെ ജനങ്ങൾ തിങ്ങിക്കഴിയുന്ന പ്രദേശത്ത് ബോംബിട്ടതിനെ തുടർന്ന് 66 പേരാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉ
റങ്ങിക്കിടക്കുന്നതിനിടെയാണ് ഭൂരിഭാഗവും കൊല്ലപ്പെട്ടതെന്ന് കമൽ അദ്വാൻ ആശുപത്രി ഡയറക്ടർ ഹുസ്സം അബു സാഫിയ പറഞ്ഞു.
വ്യാഴാഴ്ച ഗസ്സ സിറ്റിയിൽ ശൈഖ് റദ്വാൻ മേഖലയിലെ മറ്റൊരു വ്യോമാക്രമണത്തിൽ 10 കുട്ടികളടക്കം 22 പേരാണ് കൊല്ലപ്പെട്ടതെന്ന് സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.