ബന്ദികളെ മോചിപ്പിക്കാനായി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരണം 274 ആയി
text_fieldsഗസ്സ സിറ്റി: ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനായി മധ്യഗസ്സയിലെ നുസൈറാത്തിലും ദേർ അൽ ബലാഹിലും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ നിരവധി പേർ സ്ത്രീകളും കുട്ടികളുമാണ്. 700ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ദേർ അൽ ബലാഹിലെ അൽ അഖ്സ രക്തസാക്ഷി ആശുപത്രിയിലേക്ക് മാറ്റി.
ഇസ്രായേലിന്റെ കര, നാവിക, വ്യോമ സൈനിക നീക്കത്തിൽ നാല് ബന്ദികളെയാണ് മോചിപ്പിച്ചത്. ഫെബ്രുവരിയിലും ഇത്തരത്തിൽ ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേൽ കനത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതിൽ 74 ഫലസ്തീനികൾ കൊല്ലപ്പെടുകയും രണ്ട് ബന്ദികളെ രക്ഷപ്പെടുത്തുകയും ചെയ്തു.
നുസൈറാത്തിലെ രണ്ട് അപ്പാർട്മെന്റുകളിൽ കഴിഞ്ഞിരുന്ന ബന്ദികളെ മോചിപ്പിക്കാനായി സൈന്യം പ്രത്യേക പരിശീലനം നടത്തുകയും വൻ സന്നാഹമൊരുക്കുകയും ചെയ്തിരുന്നതായി ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.
അതിനിടെ, മോചിതരായി ഇസ്രായേലിലെത്തിയ ബന്ദികളെ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സന്ദർശിച്ചു. ബന്ദികൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള ഫോട്ടോകളും വിഡിയോകളും പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടു. എന്നാൽ, ബന്ദികൾ മോചിതരായ ദിവസവും വെടിനിർത്തൽ കരാറിനായുള്ള ആഹ്വാനവുമായി ആയിരക്കണക്കിന് ഇസ്രായേലികൾ തെൽഅവീവിൽ സർക്കാർവിരുദ്ധ പ്രകടനം നടത്തി.
ഇസ്രായേലിൽ കൂട്ടക്കുരുതി തുടരുന്നതിനിടെ വെടിനിർത്തൽ നീക്കങ്ങൾ ചർച്ച ചെയ്യാൻ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ അടുത്തയാഴ്ച പശ്ചിമേഷ്യ സന്ദർശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.