നേപാൾ - ടിബറ്റ് ഭൂചലനത്തിൽ മരണം 95 കടന്നു; 130ലേറെ പേർക്ക് പരിക്ക്
text_fieldsകാഠ്മണ്ഡു: നേപാൾ - ടിബറ്റ് അതിർത്തിയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണം 95 ആയി. പരിക്കേറ്റവരുടെ എണ്ണം 130 കവിഞ്ഞു.
ചൈനീസ് അധീന പ്രദേശവും ടിബറ്റിലെ ഏറ്റവും പുണ്യനഗരങ്ങളിലൊന്നുമായ സിഗാസെയിലെ (ഷിഗാസ്‌റ്റെ) ഡിംഗ്രി കൗണ്ടിയിലാണ് ബീജിങ് സമയം 9.05ന് മാപിനിയിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന പ്രദേശമാണിത്. ടിബറ്റൻ ബുദ്ധമതത്തിലെ പ്രധാന വ്യക്തിയായ പഞ്ചൻ ലാമയുടെ ആസ്ഥാന കേന്ദ്രമാണ് സിഗാസെ. ഈ പ്രദേശത്ത് 27 ഗ്രാമങ്ങളുണ്ട്. 10 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂകമ്പം.
യു.എസ് ജിയോളിക്കൽ സർവീസിന്റെ കണക്ക് പ്രകാരം തീവ്രത 7.1 ആണ്. ഇതിനു പിന്നാലെ 4.7, 4.9 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചനങ്ങൾ കൂടി ഉണ്ടായതായി നാഷനൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.
നേപ്പാളിന്റെ വിവിധ പ്രദേശങ്ങളിലും ബിഹാറിലും ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും പ്രകമ്പനം ഉണ്ടായി. ബിഹാറിൽ നാശനഷ്ടമോ ആളപായമോ ഇല്ല. പട്‌ന, മധുബാനി, ഷിയോഹർ, മുംഗർ, സമസ്തിപൂർ, മുസാഫർപൂർ, കതിഹാർ, ദർബംഗ, വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൺ തുടങ്ങി ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ നിരവധി ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടതായി ബിഹാർ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. പട്‌നയിലും കതിഹാർ, പൂർണിയ, ഷിയോഹർ, ദർബംഗ, സമസ്തിപൂർ എന്നിവിടങ്ങളിലും ജനങ്ങൾ കെട്ടിടങ്ങളിൽനിന്ന് തെരുവിലിറങ്ങി.
2015ൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നേപ്പാളിൽ 9000ത്തോളം പേർക്കാണ് ജീവൻ നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.