ടൈറ്റാനികിന് സമീപം അവശിഷ്ടങ്ങൾ; വിവരം പുറത്തുവിട്ടത് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ്
text_fieldsന്യൂയോർക്ക്: അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിക്കായുള്ള തിരച്ചിലിനിടെ ടൈറ്റാനിക് കപ്പലിനു സമീപം അവശിഷ്ടങ്ങള്‍ കണ്ടെത്തി. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ, ഇത് കാണാതായ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങളാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
‘ഓഷൻഗേറ്റ് ടൈറ്റൻ’ പേടകത്തിനായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. പേടകത്തിലുള്ള അഞ്ചു പേർക്ക് ജീവൻ നിലനിർത്താനുള്ള ഓക്സിജൻ തീർന്നിരിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഞായറാഴ്ച മുതൽ കാണാതായ പേടകത്തിൽ 96 മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്സിജനാണ് ഉണ്ടായിരുന്നത്. പേടകത്തിലുള്ളവരെ രക്ഷിക്കാൻ പരമാവധി ശ്രമിക്കുമെന്ന് യു.എസ് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
തിരച്ചിലിനിടെ പലതവണ കടലിന്റെ അടിത്തട്ടിൽനിന്ന് ശബ്ദം കേട്ടെങ്കിലും ഇത് എന്താണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഞായറാഴ്ചയാണ് ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ കാണാനായി അഞ്ച് യാത്രികരുമായി അന്തർവാഹിനി യാത്ര തിരിച്ചത്. രണ്ട് മണിക്കൂറിനുള്ളിൽ അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
അറ്റ്‌ലാന്റിക് സമുദ്രത്തിൽ, സമുദ്രോപരിതലത്തിൽനിന്ന് ഏകദേശം 3,800 മീറ്റർ (12,500 അടി) താഴെയാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളുള്ളത്. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിൽനിന്ന് ഏതാണ്ട് 3700 മൈൽ അകലെയാണത്. ഏതാണ്ട് 21 അടി നീളമുള്ള അന്തർവാഹിനിയിലാണ് അഞ്ചംഗ സംഘം യാത്ര തിരിച്ചത്.
ശബ്ദം പിടിച്ചെടുത്താലും സ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ട്
- വിമാനത്തിൽനിന്ന് സമുദ്രോപരിതലത്തിൽ നിക്ഷേപിച്ച ‘സോണോബോയെ’ എന്ന, ശബ്ദവിചീകൾ പിടിച്ചെടുക്കുന്ന ഉപകരണമാണ് കാണാതായ ടൈറ്റനിൽനിന്ന് എന്നു കരുതുന്ന മുഴക്കങ്ങൾ പിടിച്ചെടുത്തത്.
- ഈ ശബ്ദം പിടിച്ചെടുത്താലും, തെരയേണ്ട സ്ഥലം എത്ര കൃത്യതയിൽ നിർവചിക്കുന്നു എന്നതിനനുസരിച്ചേ കണ്ടെത്താനുള്ള റോവി(ആർ.ഒ.വി-റിമോട്ട്ലി ഓപറേറ്റഡ് വെഹിക്കിൾ)ന്റെ ശ്രമത്തിന് വിജയസാധ്യതയുള്ളൂ.
- ‘‘തെരയേണ്ട പ്രദേശം അത്രമാത്രം വലുതായതിനാൽ, ശബ്ദം വന്ന സ്ഥലം ഏതെന്ന് കൃത്യമായി പറയാൻ ആർക്കും കഴിയില്ല’’ -മറൈൻ ജിയോഫിസിസ്റ്റ് ഡോ. റോബ് ലാർട്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.